നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും രക്ഷയില്ല; വെള്ളരിക്കുണ്ട് പാത്തിക്കര വളവിലെ വെള്ളക്കെട്ട് പഴയതിലും രൂക്ഷം
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്–കൊന്നക്കാട് പ്രധാന റോഡിലെ പാത്തിക്കര കള്ള്ഷാപ്പിന് സമീപമുള്ള അപകടകരമായ വളവിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വീണ്ടും യാത്രക്കാർക്ക് ഭീഷണിയായി. ഒരുമാസം മുമ്പ് വെള്ളം ഒഴുകിപ്പോകാൻ മതിയായ കലുങ്ക് ഇല്ലാത്തതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
തുടർന്ന് അധികൃതർ ജെസിബി ഉപയോഗിച്ച് ഓവുചാലിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ മുമ്പത്തേതിനേക്കാൾ കൂടുതൽ വെള്ളം കെട്ടിക്കിടക്കുന്നതായും ഇതുമൂലം വാഹനയാത്രയും കാൽനട യാത്രയും ദുഷ്കരമായിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഓവുചാലിന്റെ ആഴം വർധിച്ചതിനാൽ കാൽനട യാത്രക്കാരും സ്കൂൾ വിദ്യാർഥികളും ശ്രദ്ധയില്ലാതെ സഞ്ചരിച്ചാൽ വെള്ളക്കെട്ടിലേക്ക് വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കൂടാതെ കൊടുംവളവായ ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വാഹനങ്ങൾ റോഡിന്റെ തെറ്റായ വശത്തുകൂടി സഞ്ചരിക്കുന്നത് എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യവും സൃഷ്ടിക്കുന്നുണ്ട്.
പാത്തിക്കര വളവിലെ ഈ പ്രശ്നത്തിന് താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് പകരം ശാസ്ത്രീയമായ രീതിയിൽ കലുങ്ക് നിർമ്മിച്ച് മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments