Breaking News

ജപ്പാനിലെ ഗിഫുവിൽ ട്രെയിൻ തട്ടി മരിച്ച ഇരിക്കൂർ പടിയൂർ സ്വദേശി ദേവികയുടെ മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും


കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി ദേവികയുടെ മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. നഴ്സിങ് കെയർ വിസയിൽ ജപ്പാനിലെത്തിയ കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനിയായ ദേവികയെ ഈ മാസം രണ്ടിന് രാത്രി 10:20ഓടെയാണ് ഗിഫുവിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം ഏജന്റ് മുഖേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് അവിടത്തെ നിയമപ്രകാരം സാധ്യമല്ലെന്ന് ജപ്പാനിൽ നിന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

എംബസി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നടക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ കുടുംബത്തിന് വേണമെങ്കിൽ ജപ്പാനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആ അവസ്ഥയിലല്ല ഇപ്പോൾ കുടുംബമുള്ളത്.

ആറു മാസം മുമ്പാണ് ദേവിക നഴ്സിങ് കെയർ വിസയിൽ ജപ്പാനിൽ എത്തിയത്. തുടർ നടപടികൾക്ക് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ദേവികയുടെ മൃതദേഹം ജപ്പാനിൽ സംസ്കരിക്കും. ഇരിട്ടി നിടിയോടിയിലെ തെക്കൻ വീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ് വി. ദേവിക. ആറ് മാസം മുമ്പാണ് ദേവിക നഴ്സിംഗ് കെയർ വിസയിൽ ജപ്പാനിൽ എത്തിയത്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക.


No comments