രാജപുരം : കർഷകന്റെ പ്രതീക്ഷകൾ തകർത്ത് കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. നല്ലവിലയുണ്ടെങ്കിലും കൃഷിയിടങ്ങളിൽ മഞ്ഞളിപ്പ് (സാവധാന വാട്ടം)പടരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലവർഷം കഴിഞ്ഞ് വെയിൽ തെളിഞ്ഞതോടെ ഒരു ചെടിയിൽനിന്ന് മറ്റൊന്നിലേക്ക് അതിവേഗമാണ് രോഗം പടരുന്നത്. പ്രായമായ കുരുമുളകു ചെടിക്കുപുറമേ പുതുതായി നട്ട തോട്ടങ്ങളിലും പുനരുദ്ധാരണം നടത്തി രണ്ടും മൂന്നും വർഷമായ കൃഷിയിടങ്ങളിലും രോഗപ്പകർച്ചയുണ്ട്. ഇലകൾ മഞ്ഞ നിറത്തിലായി ദിവസങ്ങൾക്കുള്ളിൽ ഇലയും തിരിയും പൊഴിയുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് തണ്ടിന്റെ അഗ്രഭാഗം വാടി കണ്ണിത്തല മുറിഞ്ഞ് കുരുമുളക് ചെടി തന്നെ ഉണങ്ങി നശിക്കും. മലയോര മേഖലയിൽ ചില പ്രദേശങ്ങളിലാണ് മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് തോട്ടങ്ങൾ ഏറെയുള്ളത്. വർഷാവർഷം പുതിയ കുരുമുളക് ചെടികൾ വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും വിളവെടുപ്പിന് മുമ്പ് രോഗംബാധിച്ച് കൃഷി നശിക്കുന്നതിനാൽ കർഷകർ കുരുമുളക് കൃഷി തന്നെ കൈവിടുന്ന സ്ഥിതിയാണ്. ഇടയ്ക്കു കുരുമുളകിനു വിലയുയരുകയും റബർ ഷീറ്റിന് വില കുറയുകയും ചെയ്തതോടെ കർഷകർ റബർ മരത്തിന്റെ അടിക്കമ്പുകൾ മുറിച്ച് കുരുമുളക് ചെടികൾ കൃഷിയിറക്കിയിരുന്നു. എന്നാൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് കുരുമുളക് ചെടി നശിച്ചുതുടങ്ങിയതോടെ റബർ വീണ്ടും ടാപ്പ് ചെയ്യാൻ തുടങ്ങി. കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളെ പൂർണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കണ്ടുപിടിച്ചില്ലെങ്കിൽ ഭാവിയിൽ കുരുമുളക് ചെടി കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്.
മലയോരത്തെ കർഷകരുടെ പ്രതീക്ഷയ്‌ക്ക് മങ്ങൽ കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകം
Reviewed by News Room
on
8:26 PM
Rating: 5
No comments