ലഹരിക്കെതിരെ യുവതലമുറയെ അണിനിരത്തി ‘തൂഫാൻ’; വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ നാർക്കോട്ടിക് വിരുദ്ധ പരിപാടി
ഭീമനടി: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് വെസ്റ്റളേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘തൂഫാൻ’ നാർക്കോട്ടിക് വിരുദ്ധ പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായി ലഹരിയുടെ വ്യാപനം സമൂഹത്തിലും പ്രത്യേകിച്ച് യുവതലമുറയിലും സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, പൊതുജനങ്ങളിൽ നിന്ന് തന്നെ തൂഫാൻ വാരിയേഴ്സിനെ തിരഞ്ഞെടുക്കുക , ലഹരി ഉപയോഗം തടയുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, വിവിധ സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ ചൂണ്ടിക്കാട്ടി. ലഹരി വിൽപ്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനും സമൂഹത്തിന്റെ ജാഗ്രത ശക്തമാക്കുന്നതിനും ആഹ്വാനം ചെയ്തു.
‘ലഹരിയില്ലാത്ത സമൂഹം, സുരക്ഷിതമായ യുവത്വം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ ശക്തമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ആനു ഫ്ലാഗ് ഹോസ്റ്റിംഗ് സെറിമണി നിർവഹിച്ചു. തുടർന്ന് ചിറ്റാരിക്കാൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജു സി സി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീദരാജൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനാർദ്ദനൻ കെ, വാർഡ് മെമ്പർ ജോൺ ടിവി . സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് കുമാർ കെ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫ്രാൻസിസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി നാസർ പി പി നന്ദിയും ആശംസിച്ചു
No comments