ബോവിക്കാനം മഞ്ചക്കല്ലിൽ കാട്ടുപോത്ത് സ്കൂട്ടിയിൽ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്
കാസർകോട്: ബോവിക്കാനം മഞ്ചക്കല്ലിൽ കാട്ടുപോത്ത് സ്കൂട്ടിയിൽ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനി കരിവേടകം തങ്കത്തടുക്കത്തെ സിഎം ജിതിനയ്ക്കും വാഹനം ഓടിച്ച ആലത്തുംകടവിലെ പി അമൽ രാജിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മഞ്ചക്കല്ലിൽ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീട്ടിൽ നിന്നും കാസർകോട്ടേയ്ക്ക് വരികയായിരുന്നു ജിതിനയും അമലും. റോഡ് മുറിച്ചു കടന്നുവന്ന കാട്ടുപോത്ത് സ്കൂട്ടിയിൽ ഇടിച്ചതോടെ ജിതിനയും അമൽരാജും റോഡിൽ തെറിച്ചുവീഴുകയായിരുന്നു. നെഞ്ചിന് പരിക്കേറ്റ ജിതിനയെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമൽ രാജിനെ പരിക്കുകളോടെ ചെർക്കളയിലെ സ്വകാര്യ ആശുപ്രതിയിലാണ് പ്രവേശിപ്പിച്ചത്. അമലും തീവ്രതരിപരിചരണ വിഭാഗത്തിലാണുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി മഞ്ചക്കൽ പ്രദേശത്ത് കാട്ടുപോത്തുകളുടെ ഭീഷണിയുണ്ട്. അതേസമയം മനുഷ്യരെ അക്രമിച്ച സംഭവമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
No comments