ഹെൽമെറ്റ് ധരിക്കാതെ മദ്യലഹരിയിൽ അമിത വേഗതയിൽ ദേശീയപാതയിലൂടെ ബൈക്കോടിച്ച സംഭവത്തിൽ സീനിയർ ക്ലർക്കിനെതിരെയും ഓവർസീയർക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു
കാസർകോട്: ഹെൽമെറ്റ് ധരിക്കാതെ മദ്യലഹരിയിൽ അമിത വേഗതയിൽ ദേശീയപാതയിലൂടെ ബൈക്കോടിച്ച സംഭവത്തിൽ സീനിയർ ക്ലർക്കിനെതിരെയും ഓവർസീയർക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ സീനിയർ ക്ലർക്കും തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയുമായ കെഎ അനീഷ്കുമാർ, ഓവർസീയർ കാലിച്ചാനടുക്കം സ്വദേശി രവീന്ദ്രൻ (എന്നിവർക്കെതിരെയാണ് കേസ്. ഹെൽമെറ്റ് ധരിക്കാതെ മദ്യലഹരിയിൽ മംഗളൂരുഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേയ്ക്ക്
ബൈക്കോടിച്ചെന്നാണ് കേസ്. രണ്ടാംപ്രതിയെ പിറകിലിരുത്തി മനുഷ്യജീവന് അപകടം വരുത്തും വിധം അശ്രദ്ധയിൽ വാഹനം ഓടിക്കുകയും പൊലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ലെന്നുമാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മഞ്ചേശ്വരം ഗ്രേഡ് എസ്.ഐ വി സുനിൽകുമാറിന്റെ നേതൃത്വത്തിൽ തലപ്പാടിയിൽ ഹൈവേ പട്രോളിങ് നടത്തുന്നതിനിടെയാണ് സാഹസികമായി ബൈക്കോടിച്ചുവന്നത്. പൊലീസിന്റെ കണ്ടപ്പോൾ 'നിർത്തണ്ട സ്പീഡിൽ വിട്ടോ' യെന്ന് പിറകിലിരുന്ന ആൾ പറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബൈക്കിനെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് പിടികൂടുകയായിരുന്നു. മദ്യപിച്ചെന്ന് മനസിലായതോടെ ബൈക്ക് യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു.
No comments