പരപ്പച്ചാല്‍ ചേനറ്റാടി പ്രദേശത്ത് കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നതായി നാട്ടുകാര്‍
കരിന്തളം: പരപ്പച്ചാല്‍ ചേനറ്റാടി പ്രദേശത്ത് കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. ദിവസങ്ങളായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നാലിലധികം കാട്ടുപന്നികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്.
ചത്ത കാട്ടുപന്നികളെ കണ്ടെത്തിയ വിവരം ലഭിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പകരം, 'നിങ്ങള്‍ തന്നെ എവിടെയെങ്കിലും മറവ് ചെയ്യൂ' എന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പന്നികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പകര്‍ച്ചവ്യാധി മൂലമോ അല്ലെങ്കില്‍ ആരെങ്കിലും വിഷം നല്‍കി അപായപ്പെടുത്തിയതോ ആകാമെന്നാണ് നാട്ടുകാരുടെ സംശയം. പ്രദേശത്ത് കൂടുതല്‍ കാട്ടുപന്നികള്‍ കാട്ടിനകത്ത് ചത്തുകിടക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ചത്ത മൃഗങ്ങള്‍ ദിവസങ്ങളായി നീക്കം ചെയ്യാത്തതിനാല്‍ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. ഇത് പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി മരണകാരണം കണ്ടെത്തുകയും ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്‌കരിക്കുകയും വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്
No comments