പൈവളിഗെ, ചേവാറിലെ റിസോർട്ടിനു സമീപത്തു നിന്നു ദുരൂഹ സാഹചര്യത്തിൽ വ്യാജ നമ്പർ പ്ലേറ്റുമായി പിടിയിലായ കാറിന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞു
കാസർകോട്: പൈവളിഗെ, ചേവാറിലെ റിസോർട്ടിനു സമീപത്തു നിന്നു ദുരൂഹ സാഹചര്യത്തിൽ വ്യാജ നമ്പർ പ്ലേറ്റുമായി പിടിയിലായ കാറിന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞു. ബന്തിയോട്ടും ബംഗ്ളൂരുവിലും വ്യാപാര സ്ഥാപനങ്ങൾ നടത്തി വരുന്ന മള്ളങ്കൈയിലെ അലി മുക്താറി (34)ന്റേതാണ് കാർ. ആഗസ്റ്റ് 31ന് അടുക്ക, ഗുർമയിൽ വച്ച് വ്യാപാരിയെ തടഞ്ഞു നിർത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാറാണ് വ്യാജ നമ്പർ പ്ലേറ്റുമായി പിടിയിലായതെന്നു അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലാണ് ചേവാറിലെ റിസോർട്ടിനു സമീപത്തു ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട ആൾട്ടോ കാർ പൊലീസിന്റെ പിടിയിലായത്. കാറിനകത്തു ഉണ്ടായിരുന്ന കയ്യാർ, മേർക്കളയിലെ മൂസ അഫ്സൽ (25), പച്ചമ്പള, പള്ളത്തൊട്ടിയിലെ നിസാമുദ്ദീൻ (19) എന്നിവരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പരുങ്ങുന്നതു കണ്ടാണ് കാറിനകത്തു വിശദമായ പരിശോധന നടത്തിയത്. കാറിനകത്തു നിന്നു മറ്റൊരു നമ്പർ പ്ലേറ്റ് കണ്ടെത്തിയതോടെ സംശയം ഇരട്ടിച്ചു. കാറിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്നു അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് വ്യാജ നമ്പർ പ്ലേറ്റുമായി പിടിയിലായ കാർ, വ്യാപാരിയിൽ നിന്നു തട്ടിയെടുത്തതാണെന്നു വ്യക്തമായത്.
കാർ മറ്റൊരാളിൽ നിന്നു രണ്ടു ദിവസം മുമ്പ് വാടകയ്ക്കെടുത്തതാണെന്നാണ് പിടിയിലായ യുവാക്കൾ നൽകിയ മൊഴി. അന്വേഷണം തുടരുകയാണെന്നു പൊലീസ് അധികൃതർ പറഞ്ഞു.
കാർ മറ്റൊരാളിൽ നിന്നു രണ്ടു ദിവസം മുമ്പ് വാടകയ്ക്കെടുത്തതാണെന്നാണ് പിടിയിലായ യുവാക്കൾ നൽകിയ മൊഴി. അന്വേഷണം തുടരുകയാണെന്നു പൊലീസ് അധികൃതർ പറഞ്ഞു.
No comments