Breaking News

കാസർകോട്ടെ ആശുപത്രിയിൽ നിന്ന് 52,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; പിടിയിലായത് 20 ൽ അധികം മോഷണ കേസുകളിലെ പ്രതി


കാസർകോട്: നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളെ പരിചരിക്കാൻ നിന്ന ഭാര്യയുടെ 52,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ. കണ്ണൂർ, ഇരിട്ടി, പഴഞ്ചേരിമുക്കിലെ രാജേഷ് കുമാറി (30)നെയാണ് കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസ്, എസ്ഐ മനു എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്.

ആഗസ്റ്റ് 29നും 30നും ഇടയിലുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം. മായിപ്പാടി, തൈവളപ്പ് ഹൗസിലെ അബ്ദുൽ ഖാദർ ടിഎയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാതാവാണ് പിതാവിനെ പരിചരിക്കാൻ കൂടെ നിന്നിരുന്നത്. പണവും രേഖകളും അടങ്ങിയ പഴ്സ് മേശവലിപ്പിലാണ് സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവിനെ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ രാജേഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. 20 ൽ അധികം മോഷണ കേസുകളിൽ പ്രതിയാണ് രാജേഷെന്നു കൂട്ടിച്ചേർത്തു. 

No comments