Breaking News

സർക്കാർ സ്കൂളിൽ നിന്ന് ഇൻകം ടാക്സ് സൂപ്രണ്ടിലേക്ക്; കോളിച്ചാലിന് അഭിമാനമായി ആൽബിൻ പി. കെ


രാജപുരം : പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തിയ ആൽബിൻ പി. കെ. നാടിന്റെ അഭിമാനമായി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം പഠനം പൂർത്തിയാക്കി, ഇന്ത്യൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ സൂപ്രണ്ട് പദവിയിലെത്തിയിരിക്കുകയാണ് കോളിച്ചാൽ സ്വദേശിയായ ആൽബിൻ.

പ്രാന്തർകാവ് ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ ആൽബിൻ, ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പഠനം മുഴുവൻ എ പ്ലസ് ഗ്രേഡോടെ പൂർത്തിയാക്കി. തുടർന്ന് എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിൽ കെമിക്കൽ എൻജിനീയറിങ് പഠനത്തിന് പ്രവേശനം നേടി. കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും വിജയകരമായി പൂർത്തിയാക്കി.

ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് ആൽബിൻ ഓൺലൈൻ പി.എസ്.സി. കോച്ചിങ്ങിൽ ചേർന്നത്. തുടർന്ന് മത്സരപരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കി ഇന്ത്യൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ സൂപ്രണ്ട് പദവിയിലേക്ക് എത്തുകയായിരുന്നു.

സാധാരണ കർഷക കുടുംബത്തിൽ നിന്ന് വളർന്ന്, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠനം പൂർത്തിയാക്കി, ബൗദ്ധിക മികവും കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് ഉയർന്ന നേട്ടം കൈവരിച്ച ആൽബിന്റെ വിജയം പൊതുവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന പുതുതലമുറയ്ക്ക് പ്രചോദനമാണ്.

ആൽബിന്റെ ആദ്യ അപ്പോയിന്റ്മെന്റ് ലെറ്റർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് ഏറ്റുവാങ്ങി.

പനത്തടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സാമൂഹിക-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ പി. എം. കുര്യാക്കോസിന്റെയും പനത്തടി വനിതാ സഹകരണ സംഘം ജീവനക്കാരിയായ ബിന്ദു ജോസിന്റെയും രണ്ടാമത്തെ മകനാണ് ആൽബിൻ പി. കെ.

സഹോദരൻ ബിപിൻ പി. കെ. കാനറ ബാങ്കിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്നു. ഇളയ സഹോദരൻ ഡാർവിൻ പി. കെ. കാസർകോട് എൽ.ബി.എസ്. കോളേജിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ആരംഭിച്ച പഠനയാത്ര, കെമിക്കൽ എൻജിനീയറിങ് ബിരുദത്തിലൂടെ മുന്നേറി, ഇന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിലെ സൂപ്രണ്ട് പദവിയിൽ എത്തിനിൽക്കുമ്പോൾ, ആൽബിന്റെ ജീവിതം മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരുന്ന വിജയകഥയായി മാറുകയാണ്.

No comments