കോളിച്ചാൽ എം ഡി എം എ ലഹരി മരുന്ന് വേട്ട; പിന്നിൽ കാസർഗോഡ് സ്വദേശികൾ
രാജപുരം: കോളിച്ചാൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത് കാസർഗോഡ് സ്വദേശികളായ മൂന്ന് പേരെ.
കയ്യൂർ വില്ലേജ് സ്വദേശി മുഹമ്മദ് ഷരീഫ് (38), പുത്തിഗെ വില്ലേജ് സ്വദേശി അബ്ദുൽ ഷഹീർ പി.കെ. (38), ബംബ്രാണ വില്ലേജ് സ്വദേശി മുഹമ്മദ് നാസർ എന്നിവരാണ് അറസ്റ്റിലായത്.
KL-14/AG-6083 നമ്പർ മാരുതി എസ്-പ്രെസോ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. മൈസൂരു, ബംഗളൂരു ഭാഗങ്ങളിൽ നിന്ന് പാണത്തൂർ വഴി ലഹരിമരുന്ന് എത്തിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം വാഹനം നിരീക്ഷിച്ചുവന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കോളിച്ചാൽ പാലത്തിന് സമീപം വാഹനം തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്.
തുടർന്ന് കാറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന നിരവധി എംഡിഎംഎ പാക്കറ്റുകൾ കണ്ടെത്തിയത്. ആകെ 70.87 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് ലഹരിമരുന്നിന് പുറമെ കാറും ഒരു പാസ്പോർട്ടും നാല് മൊബൈൽ ഫോണുകളും 600 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ രാജപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കുവേണ്ടിയാണ് കടത്തിയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
No comments