Breaking News

ചരിത്രപ്രസിദ്ധമായ കുന്നുംകൈ പഞ്ചായത്ത് കിണറിന് പുനര്‍ജന്മം; 'നാട്ടുറവ' പദ്ധതിക്ക് തുടക്കമായി


കുന്നുംകൈ : കുന്നുംകൈ എ യു പി സ്കൂളിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി കുന്നുംകൈ പഞ്ചായത്ത് കിണർ ശുചീകരണ,സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുന്നുംകൈ കിണർ എന്ന പ്രദേശത്തിന്റെ പേരിന് കാരണമായത് എഴുപത്തഞ്ച് വർഷത്തോളം പഴക്കമുള്ള ഈ പഞ്ചായത്ത് കിണറാണ്. വേനൽക്കാലത്ത് ധാരാളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ കിണറിനെ പൂർണ്ണമായും സംരക്ഷിക്കുക എന്നത് നാട്ടുകാരുടെ എക്കാലത്തേയും സ്വപ്നമാണ്. കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുൻപ് കുഴിച്ച നെല്ലിപ്പലകയിട്ട കിണർ ചരിത്രപരമായ പ്രധാന്യം കൂടിയുള്ളതാണ്. വെസ്റ്റ് എളേരി പഞ്ചായത്ത് സംരക്ഷിക്കുന്ന മറ്റു പ്രദേശങ്ങളിലെ പല പഞ്ചായത്ത് കിണറുകളും ഉപയോഗശൂന്യമായപ്പോലും കുന്നുംകൈ കിണർ ഇപ്പോഴും ഉപയോഗയോഗ്യമാണ്. കുന്നുംകൈ കിണറിനെ ഒരു ചരിത്ര സ്മാരകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടുറവ എന്ന പേരിൽ കുന്നുംകൈ എ യു പി സ്കൂൾ പഞ്ചായത്ത് കിണറിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രവർത്തന ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അനു പി.വി നിർവ്വഹിച്ചു. വാർഡ് മെമ്പർ രജനി രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് എ സി , അഹമ്മദ് ആഷീഫ്, യു കരുണാകരൻ മാസ്റ്റർ, ജാതിയിൽ അസിനാർ , നസീർ എം.എ , ഷെരീഫ് വാഴപ്പള്ളി, വാർഗ്ഗീസ് . സി.എം, സനൽ ജെയിംസ്, അജിത്കുമാർ ആസാദ്, അബിൻ പാലാവയൽ എന്നിവർ പ്രസംഗിച്ചു.

No comments