Breaking News

ലയയ്ക്ക് ഇനി ഡോക്ടറുടെ കുപ്പായം; കുമ്പളപ്പള്ളി സ്കൂളിൽ ആദരം


കരിന്തളം: കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി. സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും എം.ബി.ബി.എസ്. പ്രവേശനം നേടിയ പൂർവ്വവിദ്യാർഥി ലയ രാജനുള്ള അനുമോദനവും സംഘടിപ്പിച്ചു.

ഗോത്രമേഖലകളിലെ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.ഇ.പി. ജില്ലാ കോ-ഓർഡിനേറ്റർ ഇ.വി. നാരായണൻ പദ്ധതി വിശദീകരിച്ചു.

മെറിറ്റിൽ പരിയാരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ ലയ രാജനെ ചടങ്ങിൽ ആദരിച്ചു. കരിന്തളം ചിമ്മത്തോട് രാജൻ-ബാലാമണി ദമ്പതികളുടെ മകളാണ് ലയ. ലയയുടെ അമ്മ ബാലാമണി ഇതേ സ്കൂളിലെ പാചകത്തൊഴിലാളിയാണ്.

പി.ടി.എ. പ്രസിഡന്റ് ബിജു കൂടോൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ബൈജു സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് ബൈജു കൂലോത്ത്, എം.പി.ടി.എ. പ്രസിഡന്റ് ജോസ്ലിൻ ബിനു, സീനിയർ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ, എസ്.ആർ.ജി. കൺവീനർ സിന്ധു രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ. ബിനു എന്നിവർ സംസാരിച്ചു. എസ്.ഇ.പി. കൺവീനർ കെ. പ്രശാന്ത് നന്ദി പറഞ്ഞു.

No comments