Breaking News

നീലേശ്വരം ആകാശപാത: ജനകീയ സമരസമിതിയുടെ റിലേ പ്രതിഷേധ ജാഥ മൂന്നാം ദിവസത്തിലേക്ക്; ജനരോഷം ഇരമ്പുന്നു


നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ മൺതിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന റിലേ പ്രതിഷേധ ജാഥ മൂന്നാം ദിവസത്തിലേക്ക് കടന്നു. ജനങ്ങളുടെ ജീവനും നാടിന്റെ വികസനത്തിനും പുല്ലുവില കൽപ്പിക്കുന്ന അധികാരികളുടെ അവഗണനയ്ക്കെതിരെ വൈകിട്ട് സമരപ്പന്തലിൽ നിന്നാരംഭിച്ച മൂന്നാം ദിനത്തിലെ ജാഥ പടിഞ്ഞാറ്റം കൊവ്വൽ - മൂലപ്പള്ളിയിൽ സമാപിച്ചു. നൂറുകണക്കിന് ആളുകളാണ് നാടിന്റെ നിലനിൽപ്പിനായുള്ള ഇന്നത്തെ ജാഥയിലും അണിനിരന്നത്.

ജനകീയ സമരസമിതി മാർച്ച് 23ന് ആരംഭിച്ച അനിശ്ചിതകാല സമരം 192 ദിവസത്തിലെത്തിയിരിക്കുകയാണ്. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ജനങ്ങളുടെ ആവശ്യം പൂർണമായും അവഗണിച്ച് അശാസ്ത്രീയവും അപകടകരവുമായ എംബാങ്ക്മെൻറിൻ്റെയും അണ്ടർ പാസിൻ്റെയും നിർമാണവുമായി മുന്നോട്ട് പോയാൽ എന്തു വില കൊടുത്തും തടയുമെന്ന് ജനകീയ സമരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്തു ത്യാഗം സഹിച്ചും ആകാശപാത നേടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.


നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്ന വന്മതിലായി മാറുന്ന ഈ മൺതിട്ട നാടിന്റെ സാമ്പത്തിക, വിനോദസഞ്ചാര, കാർഷിക മേഖലകളെ പൂർണ്ണമായും തകർക്കുമെന്ന് ജാഥയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഭാരം താങ്ങാൻ ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഉയർത്തുന്ന ഈ മൺതിട്ട സമീപവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ജനങ്ങളുടെ ജീവനെക്കാൾ വലുതല്ല യാതൊരു നിർമ്മാണവുമെന്നും, അശാസ്ത്രീയമായ ഈ രൂപകല്പന മാറ്റിയേ തീരൂ എന്നും സമരസമിതി വ്യക്തമാക്കി.

മൺതിട്ട നിർമ്മാണം അടിയന്തരമായി നിർത്തിവെച്ച് നെടുങ്ങണ്ട മുതൽ കരുവച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കുക എന്ന ന്യായമായ ആവശ്യം നേടിയെടുക്കും വരെ ഈ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരും. അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കാൻ തയ്യാറാകണം. ഈ ജീവൻമരണ പോരാട്ടത്തിൽ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും പിന്തുണ വരും ദിവസങ്ങളിലും ഉണ്ടാകണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു.




പടിഞ്ഞാറ്റം കൊഴുവലിലെ ജനങ്ങൾ അഭിവാദ്യങ്ങളുമായി സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.




ജാഥയ്ക്ക് മുതിർന്ന അംഗങ്ങളായ രാജു രാമൂട്ടി, കെ .പി. ജയരാജൻ, എൻ. വിശ്വേശ്വര പ്രഭു, രമേശൻ നായർ, ഹരീന്ദ്രൻ, മലപ്പിൽ സുകുമാരൻ, പ്രകാശൻ കൊട്ടറ, ജോൺ ഐമെൻ തുടങ്ങിയവർ നേതൃത്വം നൽകി.




ജനകീയ സമരസമിതി ചെയർമാൻ ടി.സി.വി ശ്രീനാഥ് ശശി, കൺവീനർ ഡി. രാജൻ, ട്രഷറർ മഹമൂദ് കോട്ടായി, അംഗങ്ങളായ പത്മരാജൻ ഐങ്ങോത്ത്, വിജയൻ കൈപ്പാട്ടിൽ, രതീഷ് കൃഷ്ണൻ, കെ.വി. മനോജ്, വിനോദ്, ഹരീഷ് പി.പി., സൗദാമിനി, എൻ.സി. വിജയൻ, കൃഷ്ണകുമാർ, രാജീവൻ, ഷഫീക്, അശോക് കുമാർ, അഡ്വ. ഹനീഫ, ചന്ദ്രൻ, നളിനി, വിജയൻ പാലായിൽ, മഹിജാബി, സി.എം. രാജു, സുകുമാരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

No comments