നീലേശ്വരത്ത് നിരവധിപേരെ കടിച്ച പേപ്പട്ടി ചത്തനിലയിൽ
നീലേശ്വരം : മേഖലയിലെ ആനച്ചാൽ, കടിഞിമൂല, ഓർച്ച, കോട്ടപ്പുറം, പുറത്തേക്കൈ എന്നീ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു ആളുകളെ കടിച്ച പട്ടിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. കടിയേറ്റ കരുവാച്ചേരിയിലെ മീന (52) അച്ഛാന്തുരുത്തിയിലെ ബേബി (50) കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന് സമീപത്തെ പിസി ജോണി (75 ) രാമരത്തെ സുശീല (59) എന്നിവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ കടിച്ച പേപ്പട്ടിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.നഗരത്തിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവം പ്രദേശവാസികളിൽ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാവിലെ മദ്രസയിലേക്കും അതിനുശേഷം സ്കൂളിലേക്കും പോകുന്ന പിഞ്ചുകുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ്. കുട്ടികളെ എങ്ങനെ മദ്രസയിലേക്കും സ്കൂളിലേക്കും സുരക്ഷിതമായി അയക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ചെറിയ കുട്ടികളും പ്രായമായവരുമാണ് ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പേപ്പട്ടി ശല്യം രൂക്ഷമായതിനെത്തുടർന്ന് നിരവധി തവണ പ്രദേശവാസികൾ മുൻസിപ്പാലിറ്റിയെ നേരിൽ സമീപിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നുവെങ്കിലും മുൻസിപ്പൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ല എന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ വളരെ ശക്തമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും യാതൊരു വിലയും കൽപ്പിക്കാത്ത അധികൃതരുടെ ഈ കടുത്ത നിസ്സംഗതയ്ക്കെതിരെയും അനാസ്ഥയ്ക്കെതിരെയും വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയർന്നു വരുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ പൊതുവെയും കടിയേറ്റവർ പ്രത്യേകിച്ചും കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. പേപ്പട്ടി പോലുള്ളവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനും കടിയേറ്റാൽ ജീവൻ രക്ഷിക്കാനുമായി അടിയന്തരമായി പാലിക്കേണ്ട മുൻകരുതലുകളും പ്രാഥമിക ശുശ്രൂഷകളും ജനങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളും പ്രായമായവരും ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുകയും, സംശയകരമായ രീതിയിൽ അലഞ്ഞുതിരിയുന്നതോ അസ്വഭാവികമായി പെരുമാറുന്നതോ ആയ നായകളെ യാതൊരു കാരണവശാലും സമീപിക്കാതിരിക്കുകയും ചെയ്യുക. പരിസരവാസികൾ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കുകയും ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ കരുതുകയും വേണം. പട്ടി കടിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതെ കടിയേറ്റ ഭാഗം ഉടനടി സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും ശക്തിയായി കഴുകി വൃത്തിയാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ആദ്യഘട്ട നടപടിയാണ്. ഇത് മുറിവിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന വൈറസിന്റെ സാന്ദ്രത ഗണ്യമായി കുറയ്ക്കാൻ ഏറെ സഹായിക്കും. കഴുകി വൃത്തിയാക്കിയ ശേഷം മുറിവിൽ അണുനാശക ലായനിയായ ബെറ്റാഡിൻ അല്ലെങ്കിൽ ആൽക്കഹോൾ പുരട്ടേണ്ടതാണ്. എന്നാൽ ഒരു കാരണവശാലും മുറിവ് തുണികൊണ്ട് മുറുക്കിക്കെട്ടുകയോ, അതിനുമുകളിൽ എണ്ണകളോ മറ്റ് നാടൻ ഔഷധങ്ങളോ പൊടികളോ പുരട്ടുകയോ ചെയ്യരുത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഒട്ടും സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റി റാബിസ് വാക്സിനും ഇമ്യൂണോഗ്ലോബിനും കൃത്യസമയത്ത് എടുക്കേണ്ടതാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടകരമായ ആക്രമണങ്ങൾ പൂർണ്ണമായി തടയുന്നതിനായി അടിയന്തരമായി മേഖലയിൽ പേവിഷബാധ പ്രതിരോധ നടപടികളും ശാസ്ത്രീയമായ തെരുവ് നായ നിയന്ത്രണവും നടപ്പിലാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
No comments