Breaking News

മഞ്ചേശ്വരം അംഗഡിപ്പദവിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി 24 മണിക്കൂറിനകം പിടിയിൽ


കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടി, അംഗഡിപ്പദവിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി 24 മണിക്കൂറിനകം പിടിയിൽ.കർണാടക, ദാവണഗരെ, ഹാരപ്പനഹള്ളിയിലെ രാംനായിക് എന്ന രമേശി(31)നെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ എംവി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൊലപാതകത്തിന് ശേഷം മംഗ്ളൂരു, പടീൽ എന്ന സ്ഥലത്തെത്തിയ പ്രതി നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇന്നലെ (ശനി) രാത്രി പൊലീസിന്റെ പിടിയിലായത്. പൊലീസ് സംഘത്തിൽ എസ്ഐമാരായ ശബരീകൃഷ്ണൻ, അർജുൻ, സ്ക്വാഡ് അംഗങ്ങളായ സുധാകരൻ, സജിത്ത്, രാജേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
നോർത്ത് കർണാടക ഹൊസപ്പേട്ട ലിംഗനായികഹള്ളി സ്വദേശിയും അംഗഡിപ്പദവിൽ താമസിച്ച് കൂലിപ്പണിയെടുത്തുവരികയുമായിരുന്ന രമേശ (38) വെള്ളിയാഴ്ച
വൈകുന്നേരത്തോടെയാണ് കൊല്ലപ്പെട്ടത്. പ്രതിയായ
രാം നായിക് എന്ന രമേശൻ താമസിക്കുന്ന അംഗഡിപ്പദവിലെ പഴയ ഇരുനില വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കാണപ്പെട്ടത്. രമേശനും കൊല്ലപ്പെട്ട രാംനായികും സുഹൃത്തുക്കളാണ്. സംഭവ ദിവസം
വൈകുന്നേരം ഇരുവരും
അംഗഡിപ്പദവിലെ വാടക വീട്ടിൽ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ പണമിടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് രമേശിനെ കുത്തിക്കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രാംനായിക് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. വീട്ടിലെ മറ്റൊരു താമസക്കാരനായ കൃഷ്ണപ്പ എത്തിയപ്പോഴാണ് രമേശയെ അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ ആദ്യം കണ്ടത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കണ്ടെത്തി പിടികൂടിയത്.
കാസർകോട് ജനറൽ ആശുപത്രിയിലാണ് രമേശയുടെ പോസ്റ്റുമോർട്ടം നടന്നത്. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി സംസ്കരിച്ചു. 

No comments