പെരിയ മൂന്നാംകടവിൽ വീണ്ടും വാഹനാപകടം... സുള്ള്യയിൽ നിന്നു പച്ചക്കറികളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്
കാസർകോട്: പെരിയ, മൂന്നാംകടവിൽ വീണ്ടും വാഹനാപകടം. സുള്ള്യയിൽ നിന്നു പച്ചക്കറികളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. മൂന്നാംകടവ് പാലം കഴിഞ്ഞു കയറ്റം കയറുന്നതിനിടയിൽ പിക്കപ്പ് പിന്നോട്ട് നീങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പിക്കപ്പിന്റെ ടയർ ഓവുചാലിൽ തട്ടി നിന്നില്ലായിരുന്നുവെങ്കിൽ വലിയ താഴ്ചയിലേക്ക് പതിച്ച് വൻ അപകടം ഉണ്ടാകുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. മൂന്നാം കടവ് കയറ്റം സ്ഥിരം അപകടമേഖലയാണ്. ഇത് വരെ ഉണ്ടായ അപകടങ്ങളിൽ ഏഴു പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ഏറ്റവും അവസാനം അപകടം ഉണ്ടായത് മാർച്ച് 23ന് ആണ്. ചരക്കു ലോറി മറിഞ്ഞാണ് അന്ന് അപകടം ഉണ്ടായത്. അപകടം പതിവായതിൽ പ്രതിഷേധിച്ച് അന്ന് സ്ത്രീകളടക്കമുള്ളനാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടം പതിവാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കാഞ്ഞങ്ങാട് ആർഡിഒയും ബേക്കൽ ഡിവൈഎസ്പിയും സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചതിനെ തുടർന്നാണ് നാട്ടുകാർ അന്ന് റോഡ് ഉപരോധ സമരം അവസാനിപ്പിച്ചത്. അപകടഭീഷണി ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നത്. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
No comments