ആയുർവേദ ആശുപത്രിയിൽ കുടുങ്ങിയ അപൂർവ ഇനം വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി
നീലേശ്വരം: പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടത്തിൽ പ്രാവുകൾ കയറാതിരിക്കാൻ സ്ഥാപിച്ച വലയിൽ കുടുങ്ങിയ അപൂർവ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങയെ (Barn Owl) സാഹസികമായി രക്ഷപ്പെടുത്തി. ആശുപത്രിയിലെ ജീവനക്കാരൻ രതീഷ്, തെറാപ്പിസ്റ്റ് റോജിത് കെ.വി എന്നിവരുടെ സമയോചിതമായ ഇടപെടലാണ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയിൽ കുടുങ്ങിക്കിടന്ന മൂങ്ങയുടെ ജീവൻ രക്ഷിച്ചത്.
ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും പരിശോധിച്ചപ്പോഴാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. തുടർന്ന് ഏറെ പണിപ്പെട്ട്, സുരക്ഷിതമായി അതിനെ വലയിൽ നിന്ന്
പുറത്തെടുക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രി അധികൃതർ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടർന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വെള്ളിമൂങ്ങയെ വനംവകുപ്പ് സ്കവർ സുനിൽ സുരേന്ദ്രന് കൈമാറി. ആശുപത്രി ജീവനക്കാരായ റോജിത്തും, രതീഷും കൈമാറ്റത്തിൽ പങ്കാളികളായി. ആവശ്യമായ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം മുങ്ങയെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
No comments