Breaking News

പരപ്പയിൽ ബസ് സ്റ്റാൻഡ് വേണം; റോഡിൽ ബസ് നിർത്തുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം വ്യാപാരികളുടെ അവഗണക്കെതിരെ ബസ് ജീവനക്കാരും


പരപ്പ: കാസർഗോഡ് ജില്ലയിൽ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മലയോര പട്ടണമായ പരപ്പയിൽ ബസ് സ്റ്റാൻഡ് എന്ന ദീർഘകാല ആവശ്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ബസ്സുകൾ താഴെ പരപ്പയിൽ സർവീസ് അവസാനിപ്പിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലായി റോഡരികിൽ നിർത്തിയിടുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

1965-ലാണ് നീലേശ്വരത്തുനിന്ന് പരപ്പയിലേക്ക് ആദ്യമായി സ്വകാര്യ ബസ് സർവീസ് ആരംഭിച്ചത്. അന്ന് ഒന്നോ രണ്ടോ കടകൾ മാത്രമുണ്ടായിരുന്ന പരപ്പയിലേക്ക് ടാറിങ് റോഡുകൾ പോലും ഇല്ലാതിരുന്ന കാലത്ത് ചെമ്മൺപാതകളിലൂടെ ചരക്കുകളും ജനങ്ങളെയും എത്തിക്കുന്നതിൽ ബസ് സർവീസുകൾ വലിയ പങ്കാണ് വഹിച്ചത്. അന്നുമുതൽ ബസ്സുകൾ സർവീസ് അവസാനിപ്പിച്ചിരുന്നതും താഴെ പരപ്പയിലാണ്.

നിലവിൽ പതിനഞ്ചോളം ബസ്സുകൾ പരപ്പയിൽനിന്ന് അറുപതോളം ട്രിപ്പുകൾ സർവീസ് നടത്തുന്നുണ്ട്. വർഷങ്ങളായി ബസ്സുകൾ താഴെ പരപ്പയിൽ സർവീസ് അവസാനിപ്പിച്ച് ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണവും പ്രാഥമിക ആവശ്യങ്ങളും നിർവഹിച്ചശേഷമാണ് മടങ്ങുന്നത്.

എന്നാൽ ബസ്സുകൾ താഴെ പരപ്പയിൽ നിർത്തിയിടുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികൾ പരാതിയും എതിർപ്പുമായി രംഗത്തെത്തുകയും ബസ്സുകൾ ഇവിടെ അഞ്ചു മിനിറ്റ് മാത്രം നിർത്തിയിടണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തതായി ബസ് ജീവനക്കാർ പറയുന്നു.

മണിക്കൂറുകളോളം യാത്ര ചെയ്തെത്തുന്ന ജീവനക്കാർക്ക് അഞ്ചു മിനിറ്റിനുള്ളിൽ ഭക്ഷണം കഴിച്ച് മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ച് മടങ്ങുക പ്രായോഗികമല്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഈ നിലപാട് തുടരുകയാണെങ്കിൽ പരപ്പയിലേക്കുള്ള ബസ് സർവീസുകൾ സ്കൂളിന് സമീപം സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ജീവനക്കാർ പറഞ്ഞു.

നിരവധി വ്യാപാര സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും പുതുതായി ആരംഭിക്കുന്ന സിനിമാ തിയറ്ററും ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളും കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന താഴെ പരപ്പയിൽ ബസ് ജീവനക്കാർക്ക് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

പരപ്പയിൽ ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുന്നതുവരെ കഴിഞ്ഞ 60 വർഷമായി ബസ്സുകൾ നിർത്തിയിടുന്ന സ്ഥലം തന്നെ ബസ്സുകൾക്ക് സർവീസ് അവസാനിപ്പിക്കാനും നിർത്തിയിടാനും അനുവദിക്കുന്ന നിലപാട് അധികൃതരും വ്യാപാരികളും സ്വീകരിക്കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം. വർഷങ്ങളായി ഉയരുന്ന ബസ് സ്റ്റാൻഡ് ആവശ്യത്തിൽ സ്ഥലം ഏറ്റെടുക്കലും തറക്കല്ലിടലും ഉൾപ്പെടെയുള്ള നടപടികൾക്ക് പുറമെ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.

No comments