Breaking News

പൂടംകല്ല്‌ താലൂക്കാശുപത്രിയിൽ രാത്രി ഒപി നിലച്ചിട്ട് 4 മാസം അനങ്ങാതെ ആരോഗ്യവകുപ്പ്


രാജപുരം : മലയോരത്തുള്ളവരുടെ ഏക ആശ്രയകേന്ദ്രമായ പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല ഒപി നിർത്തിയിട്ട് നാലുമാസമായിട്ടും ആരോഗ്യവകുപ്പിന് അനക്കമില്ല. മലയോരത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴാണ് ഡോക്ടർക്ഷാമവും ചികിത്സാനിഷേധവും. ആശുപത്രിയിലെ ചികിത്സാസംവിധാനങ്ങളാകെ തകിടംമറിഞ്ഞു. കർണാടകയുമായി അതിരിടുന്ന പ്രദേശമാണിത്. നിത്യവും അഞ്ഞൂറിലധികം രോഗികൾ പകൽ ഒപിയിലും രാത്രികാലത്ത് നൂറിലധികം രോഗികളും ചികിത്സതേടി എത്തിയിരുന്നു. അത്യാഹിതങ്ങൾ സംഭവിച്ചാൽ നിലവിൽ കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയെ
ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. പനത്തടി, കള്ളാർ, കോടോം ബേളൂർ, കുറ്റിക്കോൽ, ബേഡകം, ബളാൽ പഞ്ചായത്തുകളിലുള്ളവർക്കാണ് ദുർഗതി. ആശുപത്രിയിൽ വേണ്ടത് 20 ഡോക്ടർമാരാണ്. 6 ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പലരെയും പുതിയ സർക്കാർ വന്ന ഉടൻ സ്ഥലംമാറ്റിച്ചതാണ് പ്രതിസന്ധിക്ക് കാരണം. വാർഡുകളിൽ അഡ്മിറ്റ് രോഗികൾക്ക് കിടക്കാനുള്ള 32 ബെഡുകളാണ് നിലവിലുള്ളത്. പരിമിതമായ രോഗികൾ മാത്രമാണ് കിടത്തിച്ചികിത്സയിലുള്ളത്. പട്ടികജാതി, പട്ടികവർഗ പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മലയോരത്ത് ആകെയുള്ള സർക്കാർ ചികിത്സാകേന്ദ്രമാണിത്.

No comments