സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ എസ് എഫ് ഐ സ്ഥാനാർത്ഥിയായി മത്സരിച്ചു മിന്നുന്ന വിജയം നേടി ബിഹാർ സ്വദേശി രമൺ കുമാർ...
ചായ്യോത്ത് : സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ SFI സ്ഥാനാർത്ഥിയായി മത്സരിച്ചു മിന്നുന്ന വിജയം നേടി ബിഹാർ സ്വദേശി രമൺ കുമാർ.
ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ സർക്കാർ വിദ്യാലയത്തിലെത്തി മലയാളഭാഷയും സംസ്കാരവും സ്വന്തമാക്കി, സ്കൂൾ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ചരിത്രമെഴുതി ബിഹാർ സ്വദേശിയായ രമൺ കുമാർ. ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് രമൺ കുമാർ. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ എസ്.എഫ്.ഐ. സ്ഥാനാർത്ഥിയായി മത്സരിച്ചാണ് രമൺ വൻ ഭൂരിപക്ഷത്തിൽ വിജയം കൈവരിച്ചത്.
ബിഹാർ സുവഹി ഗ്രാമം സ്വദേശികളായ ചന്ദ്രശേഖർ പ്രസാദിന്റെയും ഗിരിജ ദേവിയുടെയും മകനാണ്. 2023-ൽ ഒമ്പതാം ക്ലാസ് മുതലാണ് രമൺ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠനം ആരംഭിക്കുന്നത്. തുടക്കം മുതൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായ രമൺ, കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി തന്റെ മികവ് തെളിയിച്ചിരുന്നു.
പഠനത്തോടൊപ്പം NSS വളണ്ടിയറായും മറ്റു പൊതുപ്രവർത്തന രംഗത്തും സജീവമായ രമൺ കുമാർ, സ്കൂളിലെ സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ശൈലിയിലും കൂട്ടായ്മകളിലും പൂർണ്ണമായി ലയിച്ചുചേർന്ന് ഈ വിജയം നേടിയ രമൺ കുമാറിന് നാടും സ്കൂൾ അധികൃതരും അഭിനന്ദനങ്ങൾ അറിയിച്ചു.
No comments