Breaking News

പഴയകാല സഹന ജീവിതം പുതുതലമുറയ്ക്ക് മുന്നിൽ പങ്കുവച്ച് മൂപ്പൻമാരും മൂപ്പത്തികളും തായന്നൂർ വേങ്ങച്ചേരിയിൽ നടന്ന 'ഊരുത്സവം' വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായി


തായന്നൂർ: "എഡ്ഡെ പുതാറ്ഡിയെട്ത് നമ്മെഗ് ച്വാതന്ത്ര മ്മ്ണ്ടെരി . നമ്മന ദേസട്ട്ള്ള ചെമ്മി ലപ്പ്ഗ്ണ പുതെറെ ഇടിയെ പറ്റൂ കറുമ്പെയ്യ് ചെരുമ്പയ്യ് കാരിച്ചി ചിറ്റെ ബള്ളി അച്ചെ എന്ന പുതാറ് കാരിക്കുട്ടിയാഗ് "

(നല്ല പേരിടാൻ നമുക്ക് അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു . പ്രദേശത്തെ ജന്മി വിളിക്കുന്ന പേര്, അത് മാത്രമെ കുട്ടികൾക്ക് ഇടാവൂ.) കറുമ്പൻ, ചെരുമ്പൻ, കാരിച്ചി, ചിറ്റ, വള്ളി, എന്നീ പേരുകൾ ചൂണ്ടിക്കാട്ടി കാരിക്കുട്ടി മൂപ്പൻ പേരിടുന്നതിന് പിന്നിലെ അസ്വാതന്ത്യം വിവരിച്ചു. നാട്ടിപ്പാട്ടുകളുടെ അർത്ഥം പറഞ്ഞ് ചിറ്റമ്മയും പുതിയ വസ്ത്രം വാങ്ങിയതറിഞ്ഞ് അത് വാങ്ങിയ തമ്പ്രാൻ ചേറിൽ മുക്കി ഉടുക്കാൻ തന്ന കഥ പറഞ്ഞ് ചോയിച്ചി അമ്മയും മൂന്നുനാൾ നിണ്ടുനിൽക്കുന്ന മംഗലംകളി പാട്ടിൻ്റെ കഥ പറഞ്ഞ് കൊച്ചു വെളുത്താൻ മൂപ്പനും വേങ്ങച്ചേരി ഊരിലെ താത്കാലിക കുടിലിന് മുന്നിൽ ഒരിക്കൽ കൂടി കൂട്ടം ചേർന്ന് ഓർമ്മകൾ അയവിറക്കി. തായന്നൂർ ഗോത്ര ബന്ധു വികസന സമിതി സംഘടിപ്പിച്ച ഊരുത്സവത്തിൻ്റെ ഭാഗമായാണ് മൂപ്പൻമാരും മൂപ്പത്തികളും പുതുതലമുറയും ഒത്തുചേർന്ന 'നാട്ടുപയമ' വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായി

അടിമ പണിക്കെതിരെ ജന്മിക്കെതിരെ പ്രതിഷേധിച്ചപ്പോൾ കുണ്ടത്തിൽ കെട്ടിയിട്ട് തല്ലിയ ഓർമയായിരുന്നു കുറ്റിയടുക്കം ഊരിലെ കല്ലളൻ മൂപ്പൻ പങ്കുവച്ചത്. പണിക്കു പോകാത്തതിന് ചളിക്കണ്ടത്തിൽ ജീവനോടെ ചവിട്ടിതാഴ്ത്തി കൊന്ന കറുത്തവൻ്റെ ചരിത്രം കൂടി വികാരപരമായി മൂപ്പൻമാർ പങ്കുവച്ചു. പഴയ കാലത്തെ ഭക്ഷണ രീതിയും, നാട്ടു ചികിത്സയും ഗോത്ര തെയ്യങ്ങളുടെ ഐതിഹ്യവും, പ്രകൃതി സംരക്ഷണവുമെല്ലാം ഒരു രാത്രി മുഴുവൻ നീണ്ട നാട്ടുപയമയിൽ കുട്ടികൾ അടക്കമുള്ള പുതിയ തലമുറക്ക് മുന്നിൽ അവർ പങ്കുവച്ചു.

നെരിപ്പോട് കൂട്ടിയും കുടില് കെട്ടിയും ചൂട്ട് വെളിച്ചത്തിൽ പഴമയുടെ പ്രകൃതി താളം വീണ്ടെടുത്ത വേറിട്ട പരിപാടി സിനിമാ - ഷോർട്ട് ഫിലിം പ്രവർത്തകനായ ചന്ദ്രു വെള്ളരിക്കുണ്ട് ഉത്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗോത്ര കവികളും ഗവേഷകരുമായ ധന്യ വേങ്ങച്ചേരി, സീന തച്ചങ്ങാട്, ഗ്രീഷ്‌മ കണ്ണോത്ത് എന്നിവർ നാട്ടുപയമയുടെ മോഡറേറ്റർമാരായി. വിവിധ ഊരുകളിലെകൊച്ചു വെളുത്തൻ ,ചിരുത ,ചോയിച്ചി,കൊട്ടൻ ചീരോൽ ,വെള്ളൻ,

കല്ലളൻ ,കണ്ണൻ ,ചിറ്റ,കാരിച്ചിയമ്മ , കാരിക്കുട്ടി ,വെള്ളച്ചി കോരൻ എന്നീ മൂപ്പൻമാരും മൂപ്പത്തികളും നാട്ടു പയമയിൽ പങ്കെടുത്തു . ഗോത്രാചാരപ്രകാരം പാളതൊപ്പി നൽകി അതിഥികളെ സ്വീകരിച്ച ചെറിയ കുട്ടികൾ മംഗലം കളിയും നാടൻ പാട്ടുകളും അവതരിപ്പിച്ചു

പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. രാധിക സ്വാഗതവും, ബാബു വേങ്ങച്ചേരി നന്ദിയും പറഞ്ഞു.



No comments