Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലെ അനധികൃത കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യും


ഭീമനടി: ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ, പരസ്യ ബോർഡുകൾ എന്നിവ നീക്കം ചെയ്യുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വിവിധ മതസംഘടനാ നേതാക്കളുടെയും യോഗം ഗ്രാമപഞ്ചായത്തിൽ ചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൊതുസ്ഥലങ്ങളുടെ സ്വതന്ത്രമായ ഉപയോഗത്തിനും റോഡ് സുരക്ഷയ്ക്കും കാഴ്ചസൗകര്യത്തിനും തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ, മറ്റ് അനധികൃത പരസ്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് എല്ലാവരുടെയും സഹകരണം പ്രസിഡന്റ് അഭ്യർഥിച്ചു.

ഹൈക്കോടതി നിർദേശങ്ങളും നിലവിലുള്ള നിയമങ്ങളും പാലിച്ച് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങൾ അനധികൃത പരസ്യങ്ങളിൽ നിന്നും കൊടി തോരണങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി നാസർ പി.പി. യോഗത്തിൽ വിശദീകരിച്ചു.

രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടി തോരണങ്ങളും ബോർഡുകളും സ്വമേധയാ നീക്കം ചെയ്യണമെന്നും ഭാവിയിൽ അനുമതിയില്ലാതെ ഇത്തരം സാമഗ്രികൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും യോഗത്തിൽ അഭ്യർഥിച്ചു.

പഞ്ചായത്തിന്റെ നടപടികളുമായി പൂർണമായി സഹകരിക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മതസംഘടനാ നേതാക്കളും യോഗത്തിൽ അറിയിച്ചു.

No comments