Breaking News

അട്ടേങ്ങാനം വെള്ളമുണ്ടയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേരെ വെട്ടിയ പ്രതിയുടെ വീട് കത്തിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍


അമ്പലത്തറ: ദമ്പതികളെയും യുവാവിനെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വീട് ആക്രമിച്ച ശേഷം തീവെച്ച് കത്തിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ബേളൂർ അട്ടേങ്ങാനം വെള്ളമുണ്ടയിലെ വി. സുനിൽ (48), കെ. സുഭാഷ് (37) എന്നിവരാണ് അറസ്റ്റിലായത്. രാജപുരം ഇൻസ്പെക്ടർ എ. സന്തോഷിന്റെ നേതൃത്വത്തിൽ അമ്പലത്തറ എസ് എച്ച് ഒ എം. സവ്യസാചി, എസ്.ഐ. എം.വി. പ്രകാശൻ, സി.പി.ഒ ശശികുമാർ, എസ്.സി.പി.ഒ ഷിനോയ്, ഡ്രൈവർ എ.എസ്.ഐ ബിജു കീനേരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബേളൂർ അട്ടേങ്ങാനം വെള്ളമുണ്ടയിലെ ശരത്തിന്റെ വീടാണ് കത്തിച്ചത്. ശരത്തിന്റെ മാതാവ് അനിത കഴിഞ്ഞ മാസം 28ന് വീട് പൂട്ടി തൃശൂരിൽ പോയതായിരുന്നു. ഈ സമയത്തായിരുന്നു വീടിന് തീവെച്ചത്. വീടിനുള്ളിലെ ഫർണിച്ചറുകളും വാതിലുകളും വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ച നിലയിലായിരുന്നു. വീടിന്റെ ജനാലകൾ അടക്കം അടിച്ചുതകർത്തിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. തീവെപ്പ് സമയത്ത് പ്രതികൾക്ക് പൊള്ളലേറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒടയംചാലിലെ പെട്രോൾ പമ്പിൽ നിന്നാണ് ഇവർ കുപ്പിയിൽ പെട്രോൾ വാങ്ങിച്ചിരുന്നു ഇതും പോലീസ് അന്വേഷണം കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 26ന് രാവിലെ ശരത്ത് അയൽവാസികളായ അട്ടേങ്ങാനം വെള്ളമുണ്ടയിലെ രാഘവൻ നായർ (72), ഭാര്യ ഇന്ദിര (65), അയൽവാസി യദുചന്ദ്രൻ (28) എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള ദമ്പതികൾ പരിയാരം മെഡിക്കൽ കോളേജിലും പരിക്കേറ്റ യുവാവ് കാസർകോട് ആസ്റ്റർ മിംസിലും ചികിത്സയിലാണ്.

No comments