നീലേശ്വരം ആകാശപാത: ജനകീയ സമരം 200-ാം ദിനത്തിലേക്ക്; നാളെ ജനസുരക്ഷാ പ്രഖ്യാപന സമ്മേളനവും സുരക്ഷാ റാലിയും
വൈകിട്ട് 4 മണിക്ക് എംബാങ്ക്മെൻ്റ് ചുറ്റിയുള്ള സുരക്ഷാ റാലി നടക്കും. തുടർന്ന് 5 മണിക്ക് നടക്കുന്ന 200-ാം ദിന സമ്മേളനം കാലിക്കറ്റ്, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
ലയൺസ് ജി.എ.ടി ഏരിയ ലീഡറും ഇന്ത്യൻ ജൂനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റുമായ അഡ്വ. വാമന കുമാർ മുഖ്യ പ്രഭാഷണം നടത്തും. സുരക്ഷ ജനങ്ങളുടെ അവകാശവും ചുമതലയുമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സമരസമിതി ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
അതേസമയം, സമരപ്പന്തൽ പൊളിച്ചു മാറ്റാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സമരസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പന്തൽ പൊളിച്ചത് കൊണ്ട് സമരം അടിച്ചമർത്താമെന്നത് കേവലം വ്യാമോഹം മാത്രമാണെന്നും, സുരക്ഷയും ആകാശപാതയും ഉറപ്പാക്കും വരെ സമരം കൂടുതൽ ശക്തമായി തുടരുമെന്നും ജനകീയ സമരസമിതി നേതാക്കൾ വ്യക്തമാക്കി.
199-ാം ദിനമായ ഇന്ന് നടന്ന പത്താം ദിന റിലേ പ്രതിഷേധ ജാഥ വൻ ജനപങ്കാളിത്തത്തോടെ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
ഭാരം താങ്ങാൻ ഒട്ടും ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഏഴ് മീറ്ററോളം ഉയരത്തിൽ മൺതിട്ട നിർമ്മിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ അതിഭാരം മൂലം ഏതുനിമിഷവും മണ്ണിടിയാനും സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല യാതൊരു നിർമ്മാണവുമെന്നും സുരക്ഷ ഉറപ്പാക്കാതെയുള്ള ഈ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.
നെടുങ്ങണ്ട മുതൽ കരുവാച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കുക എന്ന ന്യായമായ ആവശ്യം നേടിയെടുക്കും വരെ ഈ ജീവൻമരണ പോരാട്ടം ശക്തമായി തുടരും.
ജനകീയ സമര സമിതി നീലേശ്വരം

No comments