കെ ഐ എ എൽ പി സ്കൂൾ കല്ലൻചിറയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അധ്യാപക സംഗമം ‘ഗുരുവന്ദനം’ സംഘടിപ്പിച്ചു...
വെള്ളരിക്കുണ്ട് : കെ ഐ എ എൽ പി കല്ലൻചിറയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപക സംഗമം ‘ഗുരുവന്ദനം’ സംഘടിപ്പിച്ചു. 1976 മുതൽ 2023 വരെയുള്ള കാലയളവിൽ സ്കൂളിൽ സേവനമനുഷ്ഠിച്ച പൂർവ്വ അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.
സ്കൂൾ മാനേജർ ടി.എം. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഫൈസൽ ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ എം. ജോർജ് മുഖ്യാതിഥിയായി.
അധ്യാപകർ തങ്ങളുടെ സേവനകാലത്തെ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് ചടങ്ങിന് വേറിട്ട അനുഭവമായി. അധ്യാപകരുടെ ഓർമകൾ പുതിയ തലമുറയ്ക്ക് നവ്യാനുഭവമായപ്പോൾ, പൂർവ്വവിദ്യാർത്ഥികൾക്ക് അത് തങ്ങളുടെ ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായി മാറി.
ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ, കല്ലൻചിറ ജമാഅത്ത് പ്രസിഡന്റ് എൽ.കെ. ബഷീർ, ജമാഅത്ത് സെക്രട്ടറി റഷീദ് കെ.പി., പൂർവ്വവിദ്യാർത്ഥി പ്രതിനിധികളായ ഹൈദർ എം.പി., ഉഷ കെ., സ്റ്റാഫ് പ്രതിനിധി ഹസീന എം.പി., എസ്.ആർ.ജി. കൺവീനർ പ്രഭുല്ല ഇ.ബി., ഹസീന പി.എം., അർഷിദ ടി.പി., റാണി മരിയ എന്നിവർ ആശംസകൾ അറിയിച്ചു.
ഹെഡ്മിസ്ട്രസ് സുനി ജോർജ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു. എം.പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

No comments