Breaking News

പാറയിൽ കൊത്തിവച്ച നിലയിൽ ശിലായുഗ കാലത്തെ 
‘കാടിപ്പലകൾ’ കണ്ടെത്തി


നീലേശ്വരം : മടിക്കൈ ഉമിച്ചി, ബാനം, അരിയിട്ടപാറ എന്നിവിടങ്ങളിൽ മഹാശിലാകാലഘട്ടത്തിലോ നവീന ശിലായുഗത്തിലോ ഉള്ളവർ വിനോദങ്ങളിലേർപ്പെട്ടിരുന്നതിന്റെ തെളിവുകൾ കണ്ടെത്തി. പാറയിൽ കൊത്തിയെടുത്ത കാടിപ്പലകകളാണ് കണ്ടെത്തിയത്. ബാനത്ത് നാലും മടിക്കൈ ഉമിച്ചിയിൽ ഒന്നും ചീമേനി അരിയിട്ട പാറയിൽ ഒന്നും കാടിപ്പലകകളാണ് പാറയിൽ കൊത്തിവച്ചതായി കണ്ടെത്തിയത്. മഞ്ചാടിക്കുരുകൊണ്ടുള്ള കളിക്ക് ഉപയോഗിക്കുന്ന കാടിപ്പലക രൂപത്തിലാണ് പാറയിൽ സമാന്തരമായി രണ്ട് വരിയായി കൊത്തിവച്ച പതിനാല് കുഴികളോടുകൂടിയ ചരിത്ര നിർമിതിയുള്ളത്.എല്ലാത്തിന്റെയും സമീപത്ത് പ്രകൃതിദത്തമായ ജലസംഭരണികളായ പള്ളങ്ങളും ഉണ്ട്. പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം പാറകളിൽ കാണുന്ന അസാധാരണമായ കുഴികളെക്കുറിച്ച് അറിയിച്ചതനുസരിച്ച് സ്ഥലങ്ങൾ സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്താണ് പാറയിൽ കൊത്തിയ കാടിപ്പലക മനുഷ്യനിർമിതമാണെന്നും അമൂല്യമായ ചരിത്ര ശേഷിപ്പുകളാണെന്നും സ്ഥിരികരിച്ചത്. വിജിലൻസ് ജില്ലാ മേധാവി വി കെ വിശ്വംഭരനും സ്ഥലം സന്ദർശിച്ചു.കാടിപ്പലകകൾക്ക് രണ്ടായിരം മുതൽ എട്ടായിരം വർഷം വരെ പഴക്കമുണ്ടായിരിക്കാമെന്നാണ് നിഗമനം. ഉറപ്പേറിയ വെൺമഴുപോലുള്ള നവീന ശിലായുഗത്തിലെ പണിയായുധങ്ങൾകൊണ്ടോ മഹാശില കാലഘട്ടത്തിലെ ഇരുമ്പായുധങ്ങൾ കൊണ്ടോ നിർമിച്ചതായിരിക്കാം ഈ ചരിത്രശേഷിപ്പുകളെന്ന് ഡോ.നന്ദകുമാർ കോറോത്ത് പറഞ്ഞു.രണ്ടായിരം വർഷക്കൾക്ക് മുമ്പെ പാറകളിൽ കൊത്തിവെച്ച കാടിപ്പലകയിലും ഇപ്പോൾ വീടുകളിൽ കാണപ്പെടുന്ന മഞ്ചാടിപ്പലകയിലും പതിനാല് കുഴികളാണുള്ളത്. ഇവിടെ താമസിച്ചിരുന്ന ജനങ്ങൾക്ക് സംഖ്യാബോധവും ബൗദ്ധിക വികാസത്തിനുള്ള മാർഗങ്ങളും അറിയാമായിരുന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തലുകളെന്നും അദ്ദേഹം പറഞ്ഞു. പാറയിൽ കൊത്തിവെച്ച കാടിപ്പലകകൾ സംരക്ഷിക്കാൻ സംസ്ഥാന പുരാവസ്തു വകുപ്പോ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്. ഏറ്റവും പഴക്കമുള്ള കളികളിൽ ഒന്നാണ് കാടിക്കളി -എന്നതിനുള്ള തെളിവുകൂടിയാണ് പുതിയ കണ്ടെത്തലുകൾ.

No comments