Breaking News

മയക്കുമരുന്ന് കേസ്: കാസറഗോഡ് രണ്ട് കേസുകളിൽ പ്രതികൾക്ക് കഠിന തടവും പിഴയും


കാസറഗോഡ്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ രണ്ട് വ്യത്യസ്ത കേസുകളിൽ കാസറഗോഡ് അഡീഷണൽ & ഡിസ്ട്രിക്ട് സെഷൻസ് കോടതി (2) നിർണ്ണായക വിധി പ്രസ്താവിച്ചു. ബഹുമാന്യ ജഡ്ജ് ശ്രീ. രാമു രമേഷ് ചന്ദ്രഭാനുവാണ് രണ്ട് കേസുകളിലും ശിക്ഷ വിധിച്ചത്.

കേസ് 1: തളങ്കരയിൽ എംഡിഎംഎ പിടികൂടിയ കേസ്: പ്രതിക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു

-------------------------------------

കാസറഗോഡ് തളങ്കര കടത്ത് ഭാഗത്ത് വെച്ച് എംഡിഎംഎ പിടികൂടിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 നവംബർ 30-ന് തളങ്കര കടത്ത് വെച്ച് 2.21 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായ ഫഹീസ് മൻസിൽ, കെ.കെ. പുരം, തളങ്കര സ്വദേശി അധിനൻ കെ.എമ്മിനെയാണ് (32) കാസറഗോഡ് അഡീഷണൽ & ഡിസ്ട്രിക്ട് സെഷൻസ് കോടതി (2) ജഡ്ജി ശ്രീ. രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കുന്നു. കാസറഗോഡ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 826/2018 (U/S 22(b) NDPS Act) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, അന്നത്തെ കാസറഗോഡ് സബ് ഇൻസ്പെക്ടർ ശ്രീ. അജിത്ത് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീ. മനോജ് വി.വി. ആണ്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ശ്രീ. ചന്ദ്രമോഹനൻ, അഡ്വ. ശ്രീമതി. ചിത്രകല എന്നിവർ ഹാജരായി.

കേസ് 2 : തെക്കിൽ പാലം എംഡിഎംഎ കടത്ത് കേസ്: ഒന്നാം പ്രതിക്ക് ഒരു വർഷം കഠിന തടവും പിഴയും;

കാസറഗോഡ്: തെക്കിൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിച്ചു.


2021 ജൂൺ 21-ന് കേസിനാസ്പദമായ സംഭവം നടന്നത്. തെക്കിൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 4.30 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്.


കേസിൽ ഒന്നാം പ്രതിയായ കല്ലിങ്ങാട്, ബേക്കൽ പള്ളിക്കര വില്ലേജിലെ അമീനുല്ല പി.കെ. (29) എന്നയാളെ ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കുന്നു. അതേസമയം, കുറ്റാരോപിതനായ രണ്ടാം പ്രതി അബൂബക്കർ കെ.എമ്മിനെ (38) കോടതി വെറുതെ വിട്ടു.


മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 251/2021 പ്രകാരം (NDPS ആക്ട് 8(c) r/w 22(b) വകുപ്പുകൾ പ്രകാരം) ആണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ മേൽപറമ്പ് സബ് ഇൻസ്പെക്ടർ ശ്രീ. എസ്. ബൈജുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേൽപറമ്പ് ഇൻസ്‌പെക്ടർ ആയിരുന്ന അജിത്കുമാർ പി ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ.ശ്രി.ചന്ദ്ര മോഹനൻ. അഡ്വ. ശ്രീമതി. ചിത്രകല എന്നിവർ ഹാജരായിരുന്നു.


No comments