Breaking News

മൃതദേഹ സംസ്കാരത്തിന് ചിരട്ട ശേഖരിച്ചു നൽകി വേറിട്ട മാതൃക; കരിന്തളം അണ്ടോളിലെ കുടുംബങ്ങൾക്ക് കൈത്താങ്ങായി മഹിളാ അസോസിയേഷൻ


കരിന്തളം: രാഷ്ട്രീയപ്രവർത്തനം സംഘടനാ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുകയാണ് കരിന്തളം അണ്ടോളിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ. നാട്ടുകാരുടെ ചെറിയൊരു പ്രയാസം മനസ്സിലാക്കി അതിന് കൂട്ടായ്മയിലൂടെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വനിതകളുടെ ഈ കൂട്ടായ്മ. മൃതദേഹ സംസ്കാരത്തിന് ആവശ്യമായ ചിരട്ട വീടുകളിൽ നിന്ന് ശേഖരിച്ച് സൂക്ഷിക്കുകയും, ആവശ്യമായ ഘട്ടത്തിൽ സൗജന്യമായി നൽകുകയും ചെയ്യുന്ന പ്രവർത്തനമാണ് ഒരു വർഷത്തിലേറെയായി ഇവിടെ തുടരുന്നത്.

ചിരട്ട ശേഖരണം ഇങ്ങനെ

അണ്ടോൾ പ്രദേശത്ത് 50-ലധികം വീടുകളാണുള്ളത്. പ്രദേശത്ത് ആരെങ്കിലും മരണപ്പെട്ടാൽ പൊതുശ്മശാനത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഓരോ വീട്ടിലും ഓരോ ചാക്ക് വീതം നൽകി. വീട്ടിൽ ഉപയോഗ ശേഷം ലഭിക്കുന്ന ചിരട്ടകൾ ഇതിൽ നിക്ഷേപിക്കാനായിരുന്നു അഭ്യർഥന.

നാട്ടുകാർ ഈ ആശയം പൂർണമനസ്സോടെ ഏറ്റെടുത്തതോടെ ചിരട്ട ശേഖരണം വലിയ വിജയമായി മാറി. വീടുകളിൽ നിന്ന് ശേഖരിക്കുന്ന ചിരട്ടകൾ പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ പ്രത്യേകം സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആവശ്യമായ സമയത്ത് ഇവിടെനിന്ന് ചിരട്ട എടുത്ത് പൊതുശ്മശാനത്തിൽ മൃതദേഹ സംസ്കാരത്തിന് ഉപയോഗിക്കും.

No comments