Breaking News

ഗാന്ധി ജയന്തി ദിനത്തിൽ സമരവീര്യം ചോരാതെ നീലേശ്വരം; ആകാശപാതയ്ക്കായുള്ള ജനകീയ സമരം 194-ാം ദിനത്തിൽ, റിലേ ജാഥ മന്നംപുറം സമാപിച്ചു


നീലേശ്വരം: അഹിംസയുടെയും സഹനസമരത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ഗാന്ധി ജയന്തി ദിനത്തിൽ, നീലേശ്വരത്തിന്റെ അതിജീവന പോരാട്ടത്തിന് കൂടുതൽ കരുത്തേറുന്നു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ മൺതിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 194-ാം ദിവസത്തിലേക്ക് കടന്നു.

അധികാരികളുടെ കടുത്ത അവഗണനയ്ക്കെതിരെ വൈകിട്ട് മാർക്കറ്റ് ജംഗ്ഷനിലെ സമരപ്പന്തലിൽ നിന്നാരംഭിച്ച അഞ്ചാം ദിനത്തിലെ റിലേ പ്രതിഷേധ ജാഥ വൻ ജനപങ്കാളിത്തത്തോടെ മന്നംപുറം സമാപിച്ചു. അനീതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത ഗാന്ധിജിയുടെ ഓർമ്മകൾ നൽകുന്ന കരുത്തിലാണ് നാടിന്റെ നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ ജനങ്ങൾ ഒന്നടങ്കം അണിനിരന്നത്.


നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്ന വന്മതിലായി മാറുന്ന ഈ മൺതിട്ട നാടിന്റെ സാമ്പത്തിക, വിനോദസഞ്ചാര, കാർഷിക മേഖലകളെ പൂർണ്ണമായും തകർക്കുമെന്ന് ജാഥയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഭാരം താങ്ങാൻ ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഉയർത്തുന്ന ഈ മൺതിട്ട സമീപവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ ജീവനെക്കാൾ വലുതല്ല യാതൊരു നിർമ്മാണവുമെന്നും, അശാസ്ത്രീയമായ ഈ രൂപകല്പന മാറ്റിയേ തീരൂ എന്നും സമരസമിതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മെയിൻ ക്യാരേജ് വേയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സമരസമിതി ശക്തമായ താക്കീത് നൽകിയിരുന്നു. മൺതിട്ട നിർമ്മാണം അടിയന്തരമായി നിർത്തിവെച്ച് നെടുങ്ങണ്ട മുതൽ കരുവച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കുക എന്ന ന്യായമായ ആവശ്യം നേടിയെടുക്കും വരെ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്ന് നേതാക്കൾ ആവർത്തിച്ചു. ഗാന്ധിയൻ മാർഗ്ഗത്തിലുള്ള ഈ ജീവൻമരണ പോരാട്ടത്തിൽ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും പിന്തുണ വരും ദിവസങ്ങളിലും ഉണ്ടാകണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു.




ജാഥയ്ക്ക് മന്നംപുറം റസിഡൻസ് അംഗങ്ങൾ ഐക്യദാർഡ്യം പ്രകടിപ്പിച്ചു.

No comments