Breaking News

മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍


മഞ്ചേശ്വരം : പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവാക്കളെ വന്‍ മയക്കുമരുന്ന് ശേഖരവുമായി പോലീസ് അതിസാഹസികമായി പിടികൂടി. മഞ്ചേശ്വരം കുണ്ടുകോളഡ്ക മുഹമ്മദ് ശിഹാബ്, മാംഗ്ലൂര്‍ മാലാളില്‍ ക്രോസ് റോഡ് മുഹമ്മദ് സഫ്വാന്‍, മാംഗ്ലൂര്‍ ഫാത്തിമ അപ്പാര്‍ട്ട്‌മെന്റ് മുഹമ്മദ് രസാനി എന്നിവരാണ് മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏകദേശം 182 ഗ്രാമോളം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. നിരവധി കവര്‍ച്ചാ കേസുകളിലും പ്രതിയായ ശിഹാബ് പ്രദേശത്തെ വിദ്യാര്‍ത്ഥിനികള്‍ക്കും യുവാക്കള്‍ക്കും രാസലഹരി എത്തിച്ചുനല്‍കുന്ന വലിയൊരു വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെ തുടര്‍ന്ന് വാടക ക്വാര്‍ട്ടേഴ്‌സ് വളഞ്ഞ പോലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് സാക്ഷികളുടെ സന്നിധിയില്‍ വാതില്‍ ബലമായി തുറക്കുകയായിരുന്നു. ലഹരിമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ വ്യക്തികളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോലിസ് സംഘത്തില്‍ എസ്.ഐ ജിയോ സദാനന്ദന്‍, എ.എസ്.ഐ ഗോപകുമാര്‍, പോലിസ് ഉദ്യോഗസ്ഥരായ പ്രമോദ്, സജിത്ത്, വിമല, സുധാകരന്‍ എന്നിവരും ഉണ്ടായിരുന്നു.


No comments