എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണം: ജനകീയ കൂട്ടായ്മ
നീലേശ്വരം: കാസർകോടേക്കും തിരുവനന്തപുരത്തേക്കും നീട്ടുന്ന 16307/16308 ആലപ്പുഴ–കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾക്ക് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തര ഇടപെടൽ അഭ്യർഥിച്ചുകൊണ്ട് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന് നിവേദനം സമർപ്പിച്ചു. കാസർകോട് ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ. നീലേശ്വരം നഗരസഭയിലെയും സമീപപ്രദേശങ്ങളിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങൾ ദീർഘദൂര തീവണ്ടി യാത്രകൾക്കായി പ്രധാനമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. നീലേശ്വരവും പരിസരപ്രദേശങ്ങളും നിരവധി ക്ഷേത്രങ്ങൾ, മറ്റ് മത-സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ എന്നിവയാൽ സമ്പന്നമാണ്. വർഷം മുഴുവൻ നിരവധി തീർഥാടകരും ഭക്തജനങ്ങളും സന്ദർശകരും ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്. പ്രസ്തുത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും മത-സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കും സഹായകമാകും. രാത്രികാല തീവണ്ടി ആയതു കൊണ്ട് തന്നെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് സ്റ്റോപ്പ് ലഭിക്കുന്നത് നീലേശ്വരത്തിന്റെയും സമീപ ഗ്രാമപ്രദേശങ്ങളുടെയും വികസനത്തിന് ഉത്തേജനമാകും. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ.നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽ രാജ്, കെ.വി.പ്രിയേഷ് കുമാർ, എ.വി.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. കേന്ദ്ര റെയിൽവെ മന്ത്രിയോട് നീലേശ്വരത്ത് സ്റ്റോപ്പനുവദിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായ എക്സിക്യൂട്ടിവ് എക്സ്പ്രസ്സ് കാസർഗോഡേക്ക് നീട്ടുക എന്ന ആവശ്യം അംഗീകരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികളെയും രാഷ്ടീയ - സമൂഹ്യ പ്രവർത്തകരെയും റെയിൽവെ അധികൃതരെയും ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.

No comments