സുരക്ഷിത സഞ്ചാര അവകാശത്തിനായി നീലേശ്വരത്ത് ജനസുരക്ഷാ റാലി സംഘടിപ്പിച്ചു
നീലേശ്വരം: ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാര അവകാശം സംരക്ഷിക്കണമെന്നും നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ വൻ ജനസുരക്ഷാ റാലി സംഘടിപ്പിച്ചു.
നീലേശ്വരത്തിന്റെ വികസനവും ഭാവി തലമുറയുടെ സുരക്ഷയും മുൻനിർത്തി നടക്കുന്ന ജനകീയ സമരം 224-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഈ റാലി നടന്നത്.
വികസനം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അത് ജനജീവിതത്തിന് ഭീഷണിയാകരുതെന്നും ചൂണ്ടിക്കാട്ടിയാണ് സമരസമിതി നീലേശ്വരം ബസ്സ് സ്റ്റാൻഡ് വഴി മാർക്കറ്റ് ജംഗ്ഷനിലെ എംബാംക്മെന്റ് ചുറ്റി ജനസുരക്ഷാ റാലി സംഘടിപ്പിച്ചത്. നവംബർ 1 ഞായറാഴ്ച വൈകുന്നേരം നടന്ന റാലിയിൽ നിരവധി പേർ പങ്കെടുത്തു.
നമ്മുടെ കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുക, അപകടരഹിതമായ റോഡുകൾ സാധ്യമാക്കുക, സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുക എന്നിവയാണ് സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. നീലേശ്വരത്തെ സംരക്ഷിക്കാനും വരുംതലമുറയ്ക്ക് സുരക്ഷിതമായ നാളെ പടുത്തുയർത്താനുമുള്ള ഈ പോരാട്ടത്തിൽ രാഷ്ട്രീയ-സാമൂഹിക ഭേദമന്യേ മുഴുവൻ ജനങ്ങളും തുടർന്നും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സമരസമിതി നേതാക്കൾ ആഹ്വാനം ചെയ്തു.
ആകാശപാതയുൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.
ട്രഷറർ മഹമ്മൂദ് കോട്ടായി സ്വാഗതം, ചെയർമാൻ ടി. സി. വി. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡി. രാജൻ നന്ദി പറഞ്ഞു.
സമര ഭടന്മാർ ആയ രാജു രാമൂട്ടി, എൻ.വി. പ്രഭു, ജയരാജൻ കെ. പി., പ്രകാശൻ കൊട്ടറ, കെ. വി മനോജ്, വിനോദ് , വിജയൻ കൈപ്പാട്ടിൽ, അനൂപ്, രാജീവൻ അറുവാത്ത്, സി.എം. അശോക് കുമാർ, സൈനുദ്ദീൻ, ജോൺ ഐമെൻ, മധുസൂതൻ, റൂബി, നളിനി, ഐഷബി, വിജയൻ എൻ. വി. , അശോക് കുമാർ, പ്രമോദ് എന്നിവർ നേതൃത്വം നൽകി.

No comments