അപകടക്കെണിയായി പനത്തടി – റാണിപുരം റോഡ് ; ശാശ്വത പരിഹാരം വേണമെന്ന് ജനശ്രീ
പനത്തടി: കേരളത്തിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്തേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഭീഷണിയായി മാറുകയാണ് പനത്തടി – റാണിപുരം റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ.
വിദൂര ദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. എന്നാൽ റോഡിന്റെ ഇരുവശങ്ങളിലും കാടും കാടുപടർപ്പുകളും വളർന്നതോടെ വാഹനയാത്രക്കാർക്ക് കാഴ്ചപരിമിതി നേരിടുകയും അപകടസാധ്യത വർധിക്കുകയും ചെയ്തിരിക്കുകയാണ്.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാ വർഷവും കാടുവെട്ടിത്തെളിച്ച് യാത്രാസൗകര്യം ഒരുക്കാറുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
നിരവധി അപകടവളവുകളും വീതി കുറഞ്ഞ ഭാഗങ്ങളുമുള്ള റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് സംരക്ഷണഭിത്തികൾ നിർമിച്ച് റോഡ് വീതി കൂട്ടണമെന്നും അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനശ്രീ പനത്തടി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ജനശ്രീ മണ്ഡലം ചെയർമാൻ ശ്രീ. ബാബു പി.എം. യോഗം ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം ഭാരവാഹികളായ എം. ജയകുമാർ, രാജീവ് തോമസ്, വിനോദ് ഫിലിപ്പ്, വി.സി. ദേവസ്യ, സതീഷ് കുമാർ (ഗാന്ധിപുരം), ജോസ് കാക്കി, റ്റിജോ തോമസ്, ജിനിഷ സന്തോഷ്, ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ മുന്തൻ്റെമൂല തുടങ്ങിയവർ സംസാരിച്ചു.

No comments