കെ.എസ്.ആര്.ടി.സി ബസുകളിലെ യാത്ര ഇനി കൂടുതല്‍ രസകരമാകും; ബസുകളില്‍ ടി.വി സ്ഥാപിക്കുന്ന പദ്ധതി കാഞ്ഞങ്ങാട് ഡിപ്പോയിലും ആരംഭിച്ചു
കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര ഇനി കൂടുതൽ രസകരമാകും. യാത്രക്കാർക്ക് യാത്രയ്ക്കിടെ വിനോദപരിപാടികൾ കാണാനുള്ള അവസരമൊരുക്കി ബസുകളിൽ ടി.വി സ്ഥാപിക്കുന്ന പദ്ധതി കാഞ്ഞങ്ങാട് ഡിപ്പോയിലും ആരംഭിച്ചു. മടിക്കൈ വഴി പരപ്പയിലേക്ക് ഓടുന്ന ആർ.ആർ.സി 744 നമ്പർ ബസിലാണ് ആദ്യമായി ടി.വി സ്ഥാപിച്ചത്. ഡിപ്പോയുടെ കീഴിലുള്ള പത്ത് ബസുകളിലാണ് നിലവിൽ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.ദീർഘദൂര യാത്രയ്ക്കിടെ അനുഭവപ്പെടുന്ന മടുപ്പ് മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിനോദപരിപാടികൾക്കും വാർത്തകൾക്കുമൊപ്പം പരസ്യങ്ങളും സ്ക്രീനിൽ കാണാം. ബസ് പോകുന്ന വഴി, അടുത്ത സ്റ്റോപ്പ് ഏതെന്ന്, എത്തിച്ചേരുന്ന സമയം, കെ.എസ്.ആർ.ടി.സിയുടെ പുതിയ അറിയിപ്പുകൾ എന്നിവയും സ്ക്രീനിലൂടെ യാത്രക്കാർക്ക് അറിയാൻ കഴിയും. ഡ്രൈവർ ക്യാബിന് തൊട്ടുപിന്നിലായി മുകൾഭാഗത്താണ് 32 ഇഞ്ച് എൽ.ഇ.ഡി ടി.വി ഘടിപ്പിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ കീശയിൽ നിന്ന് പണം മുടക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ കമ്പനിയുമായി ചേർന്നാണ് നടപ്പാക്കൽ. ടി.വിയിൽ വരുന്ന പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം ലൈസൻസ് ഫീസായി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും. ഇതിലൂടെ ടിക്കറ്റേതര വരുമാനം കൂട്ടാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സി നേരത്തെ അനുമതി നൽകിയ ഉള്ളടക്കങ്ങൾ മാത്രമേ ബസുകളിൽ കാണിക്കൂവെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും താൽപര്യത്തിനും മുൻഗണന നൽകിയാകും പ്രദർശനം. സംസ്ഥാനത്താകെ 500 സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടി.വി സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും സംവിധാനം എത്തിയത്.

No comments