നീലേശ്വരം അലഞ്ഞുതിരിഞ്ഞ അന്യസംസ്ഥാന യുവതിക്ക് തണലായി നീലേശ്വരം പോലീസ്
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളായി അലഞ്ഞുതിരിയുകയായിരുന്ന അന്യസംസ്ഥാന യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി നീലേശ്വരം പൊലിസിന്റെ മാതൃകാപരമായ ഇടപെടൽ. ഭാഷ അറിയാത്ത യുവതി അലഞ്ഞുതിരിയുന്നത് ശ്രദ്ധയിൽപ്പെട്ട ഉപ്പിലിക്കെെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സുമയാണ് വാർഡ് കൗൺസിലർ കെ.പി. ശ്രീനിവാസനെ വിവരം അറിയിച്ചത്. തുടർന്ന് കൗൺസിലർ ശ്രീനിവാസനും പൊതുപ്രവർത്തകരായ സുരേഷ് പുതിയേടത്ത്, ഇ. വേണുഗോപാലൻ നായർ, കെ.സി. വിനോദ്, രാജേന്ദ്രൻ എന്നിവരുടെ സഹായത്തോടെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർന്ന് നീലേശ്വരം എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി യുവതിക്ക് ഭക്ഷണവും വസ്ത്രവും നൽകി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പോലീസ് ഓഫീസർ പ്രീതി വിവരമറിഞ്ഞ് തിരികെ സ്റ്റേഷനിലെത്തി ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത് പോലീസ് സംവിധാനത്തിന്റെ മാനവിക മുഖത്തിന് ഉദാഹരണമായി.

No comments