പരപ്പ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു; ഇടപെടലുമായി ജനപ്രതിനിധികളും വ്യാപാരി യൂത്ത് വിംഗും
പരപ്പ: ഏറെ നാളായി ഇരുട്ടിലായിരുന്ന പരപ്പ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രകാശിച്ചു. പരപ്പയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ പരാതിയെത്തുടർന്നാണ് ലൈറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായത്.
പഞ്ചായത്ത് മെമ്പർമാരായ സെറീനയുടെയും നൗഷാദിന്റെയും ഇടപെടലിനെത്തുടർന്ന് പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനസജ്ജമാക്കിയത്.
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ രാത്രികാലങ്ങളിൽ ടൗണിൽ വെളിച്ചമില്ലാത്തത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. പ്രശ്നത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയ പഞ്ചായത്ത് മെമ്പർമാരായ സെറീനയ്ക്കും നൗഷാദിനും അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ യൂത്ത് വിംഗ് സെക്രട്ടറി ഇർഷാദിനും പരപ്പയിലെ വ്യാപാരികൾ നന്ദി അറിയിച്ചു.
അതേസമയം, പരപ്പ ടൗണിലെ മറ്റ് ഹൈമാസ്റ്റ് ലൈറ്റുകളും വഴിവിളക്കുകളും ഇപ്പോഴും പ്രവർത്തനരഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇവയെല്ലാം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പൂർണമായും പ്രവർത്തനസജ്ജമാക്കാൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

No comments