Breaking News

ചാലിങ്കാലില്‍ ദേശീയപാതയില്‍ നിയമലംഘനം വ്യാപകം അപകടങ്ങൾ തുടർക്കഥയാകും; 
 ലോറികള്‍ നിര്‍ത്തിയിടുന്നത് നടുറോഡിൽ


പെരിയ : പടന്നക്കാട്ട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരണപ്പെട്ട സംഭവമുൾപ്പെടെ, വൻ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും നിയമലംഘനങ്ങളും തുടരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ദേശീയപാതയിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അലക്ഷ്യമായാണ്. ഇത് വലിയ ഭീഷണിയാണുയർത്തുന്നത്. മാവുങ്കാൽ, കേളോത്ത്, ചാലിങ്കാൽ, പെരിയ, പെരിയാട്ടടുക്കം, മൈലാട്ടി എന്നിവിടങ്ങളിൽ ദേശീയപാതയോരത്തും നടുറോഡിലും ലോറികൾ പകലും രാത്രിയും മണിക്കൂറുകളോളം നിർത്തിയിടുന്നത് പതിവാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രി ദേശീയപാതയിൽ പടന്നക്കാട് കാർഷിക കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് നീലേശ്വരം സ്വദേശികളായ രണ്ട് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ലൈറ്റണച്ച് നിർത്തിയിട്ടിരുന്ന ലോറി ബൈക്കിൽ വരികയായിരുന്നവരുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാലിലും സമാനമായ അപകടങ്ങൾക്ക് സാധ്യതയേറുകയാണ്. ചാലിങ്കാലിൽ രാവണീശ്വരം ജങ്ഷന്റെ കിഴക്കുഭാഗത്ത് ദേശീയപാതയിൽ രാത്രിയും പുലർച്ചെയും നിരനിരയായി ലോറികൾ നിർത്തിയിടുന്നതും പതിവാണ്.ഇതര സംസ്ഥാനക്കാർ ഓടിച്ചുവരുന്ന ലോറികൾ ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമാണ് ഇവിടെ നിർത്തിയിടുന്നത്. സമീപത്തെ ഹോട്ടലിലേക്കും തട്ടുകടയിലേക്കും ഭക്ഷണം കഴിക്കാൻ പോകുന്നവരിൽ പലരും ഗതാഗതനിയമം ലംഘിച്ചാണ് ദേശീയപാതയുടെ നടുവിൽ പാർക്കുചെയ്യുന്നത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും തടസമുണ്ടാക്കുന്നവിധത്തിലാണ് ലോറികളുടെ അനധികൃത പാർക്കിങ്. സ്കൂളിലേക്കുള്ള റോഡു കയ്യേറിയും പാർക്കിങ്ങുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്രപോലും ദുഷ്കരമായി. ചാലിങ്കാലിലുള്ള പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തും രാത്രിയിൽ നിരനിരയായി ലോറികൾ നിർത്തിയിടുന്നുണ്ട്.ഹൈവെ പൊലീസ് സംഘം ഈ ഭാഗങ്ങളിലൊക്കെ പട്രോളിങ് നടത്താറുണ്ടെങ്കിലും അനധികൃത വാഹനപാർക്കിങ്ങിനെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചാലിങ്കാൽ അന്പലത്തറ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ

നിയമലംഘനം. ലോക്കൽ പൊലീസും ഇതിനെതിരെ ചെറുവിരലനക്കുന്നില്ല. ദേശീയപാത അധികൃതരും മൗനത്തിലാണ്. ഈ നില തുടർന്നാൽ ചാലിങ്കാൽ പടന്നക്കാട് പോലെ സ്ഥിരം അപകടമേഖലയായി മാറുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

No comments