Breaking News

വന്യമൃഗശല്യങ്ങളെ അതിജീവിച്ച് രണ്ട് ഏക്കറിൽ നെൽകൃഷി; പനത്തടിയിലെ യശോദ ബായിക്ക് നാടിന്റെ ആദരമായി കൊയ്ത്തുത്സവം


പനത്തടി: പനത്തടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ഉദിക്കുളത്തെ യശോദ ബായി രണ്ട് ഏക്കറോളം വരുന്ന നെൽവയലിൽ കാട്ടുപന്നിയുടെയും കേഴയുടെയും ശല്യങ്ങളെ അതിജീവിച്ച് നെൽകൃഷി നടത്തി മാതൃകയാകുന്നു. പരേതനായ മാലിങ്ക നായ്ക്കിന്റെ ഭാര്യയായ യശോദ ബായി, വന്യമൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ നെൽവയലിന് ചുറ്റും നെറ്റ് കെട്ടിയെങ്കിലും പൂർണമായും വിജയിക്കാനായില്ല. എന്നിട്ടും പ്രതിസന്ധികളെ തരണം ചെയ്ത് നെൽകൃഷി മുന്നോട്ടുകൊണ്ടുപോയ യശോദ ബായിയുടെ കഠിനാധ്വാനത്തിന് നാടിന്റെ ആദരമായി കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

പനത്തടി പഞ്ചായത്തിൽ നെൽകൃഷി ചെയ്യുന്ന വയലുകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിഭവനും പഞ്ചായത്തും ആവശ്യമായ ഇടപെടലുകൾ വരുംനാളുകളിൽ നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെ.ജെ. ജെയിംസ് പറഞ്ഞു.

അന്യംനിന്നുപോകുന്ന കലാരൂപങ്ങളെപ്പോലെ നെൽകൃഷിയും ഇല്ലാതാകുന്ന കാലഘട്ടത്തിൽ യശോദ ബായി കർഷകർക്കെല്ലാം മാതൃകയാണെന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് അഭിപ്രായപ്പെട്ടു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ്, മെമ്പർ വിൻസെന്റ് എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ വി.വി. മധുസൂധനൻ സ്വാഗതവും  ശാലിനി നന്ദിയും പറഞ്ഞു.


No comments