ദീപാവലി ആഘോഷത്തിന് നിറപ്പകിട്ടേകി വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രത്തിൽ പൊലിയന്ദ്ര മഹോത്സവം
വെള്ളരിക്കുണ്ട്: തുളുനാടിന്റെ പാരമ്പര്യ വിശ്വാസങ്ങളോട് ചേർന്നുനിൽക്കുന്ന പൊലിയന്ത്ര മഹോത്സവം വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
തുളു സമൂഹത്തിന്റെ വിശ്വാസപ്രകാരം ദീപാവലി സമയത്ത് മഹാബലി രാജാവ് തന്റെ പ്രജകളെ കാണാൻ എത്തുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ചിങ്ങമാസത്തിലെ ഓണത്തിന് മഹാബലി എത്തുന്നു എന്ന വിശ്വാസത്തിന് സമാനമായാണ് തുലാമാസത്തിലെ ദീപാവലിയോടനുബന്ധിച്ചുള്ള പൊലിയന്ത്ര ആഘോഷവും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പൊലിയന്ത്രയെ തുളുനാടിന്റെ ദീപാവലി ആഘോഷം എന്നും വിശേഷിപ്പിക്കപ്പെടുന്നു.
“പൊലിയന്ദ്രാ... പൊലിയന്ദ്രാ... ഹരി ഓം ഹരി” എന്ന വിളികളോടെയാണ് പ്രധാന ചടങ്ങുകൾ നടന്നത്. ‘പൊലിയുക’ എന്നത് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുക എന്ന അർഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്.
കക്കയത്ത് ക്ഷേത്രത്തിലെ പൊലിയന്ത്ര മഹോത്സവത്തിന്റെ ഭാഗമായി ഏഴിലംപാല മരത്തിൽ ചിരാതുകൾ നിരത്തി ആദിദീപം തെളിയിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീ ഗണേശ് പട്ട ആദിദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ക്ഷേത്രത്തിലെത്തിയ നിരവധി ഭക്തജനങ്ങളും ചിരാതുകളിൽ ദീപം തെളിയിച്ചു.
തുടർന്ന് ചിങ്ങനാപുരം മോഹനൻ മാസ്റ്ററുടെ കർമികത്വത്തിൽ സഹസ്രനാമ കുങ്കുമാർച്ചനയും നടന്നു

No comments