Breaking News

മുരശ് ചുഴലിക്കാറ്റ് വരുന്നു; വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്


വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മുരശ്' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് നവംബർ നാല് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് കനക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
അതേസമയം, അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുരശ്' ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറും. നാളെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് രാത്രി 11 മണി മുതൽ നാളെ പുലർച്ചെ നാലുമണിവരെയുള്ള സമയത്തിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ചില ഘട്ടങ്ങളിൽ കാറ്റിന്റെ വേഗത 120 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമേ ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ నేരിയ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

No comments