വെള്ളരിക്കുണ്ട് ടൗണിലെ മരച്ചുവട് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അപകടഭീഷണിയുയർത്തി നടുറോഡിലെ ബസ് പാർക്കിംഗ്
വെള്ളരിക്കുണ്ട് : ടൗണിലെ മരച്ചുവട് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അപകടഭീഷണിയുയർത്തി നടുറോഡിലെ ബസ് പാർക്കിംഗ്
അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും പരിഹാരമില്ല; ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതി
വെള്ളരിക്കുണ്ട്: ടൗണിലെ മരച്ചുവട് ബസ് സ്റ്റോപ്പിൽ ബസുകൾ നടുറോഡിനോട് ചേർന്ന് നിർത്തിയിടുന്നത് പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ. വർഷങ്ങളായി തുടരുന്ന ഈ രീതി ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുകയാണ്.
രണ്ട് ദിശകളിൽ നിന്നുള്ള ബസുകൾ ഒരേസമയം ബസ് സ്റ്റോപ്പിലെത്തി നിർത്തിയിടുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടമില്ലാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് രാവിലെ 11 മണി മുതൽ 11.30 വരെയുള്ള സമയങ്ങളിൽ മൂന്നും നാലും ബസുകൾ ഒരുമിച്ചെത്തുന്നതോടെ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വളവിനോട് ചേർന്നാണ് ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അപകടസാധ്യതയും കൂടുതലാണ്. ബസുകൾ മറഞ്ഞുനിൽക്കുന്നതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമുണ്ട്. ചെറിയ വാഹനങ്ങളാണ് പലപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങളുടെ യാത്രയും ഇതുമൂലം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ബസുകൾ നിർത്തിയിടുന്നതിന് സമീപത്തുതന്നെ കുറച്ചുകൂടി മാറി സ്ഥലസൗകര്യമുണ്ടെങ്കിലും വളവിനോട് ചേർന്ന മരച്ചുവട്ടിൽത്തന്നെയാണ് ബസുകൾ നിർത്തിയിടുന്നത്. ഈ രീതി മാറ്റാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും താൽക്കാലിക നിർദേശങ്ങൾക്കപ്പുറം ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ലെന്നാണ് പരാതി. ആർ.ടി. ഓഫീസും പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് ടൗണിൽത്തന്നെ ഇത്തരമൊരു ഗതാഗതപ്രശ്നം തുടരുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
മരച്ചുവട് ബസ് സ്റ്റോപ്പിലെ ബസ് പാർക്കിംഗ് ക്രമീകരിച്ച് വളവിലെ അപകടസാധ്യത ഒഴിവാക്കാനും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments