ഭർത്താവിനെ വിഡിയോകോൾ ചെയ്ത് മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനം കാരണമെന്ന് ബന്ധുക്കൾ
കൊല്ലം: ഭർത്താവിനെ വിഡിയോ കോൾ ചെയ്ത ശേഷം മലയാളി നഴ്സ് സൗദിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ. അഞ്ചൽ പുത്തയം തൈക്കാവ്മുക്ക് ഷിവാന മൻസിലിൽ അബ്ദുൽ സലാമിന്റെയും റുഖിയ ബീവിയുടെയും മകൾ മുഹ്സീന(32)യാണ് സൗദിയിൽ തൂങ്ങിമരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യൻ എംബസിയിലും പരാതി നൽകും.
മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്സായിരുന്നു മുഹ്സീന. റിയാദിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് സമീറിനെ വിഡിയോ കോളിൽ വിളിച്ചു സംസാരിച്ചെന്നും ഷാൾ കഴുത്തിൽ കുരുക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവിൽനിന്നുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവുമാണ് മകൾ ജീവൻ ഒടുക്കാൻ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മരിക്കുന്നതിന് തൊട്ടുമുൻപ് മുഹ്സീന മൂന്ന് വയസുകാരനായ മകനെ സമീപത്തെ ഫ്ളാറ്റിലാക്കിയിരുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും 2013 മേയ് മാസത്തിലാണ് വിവാഹിതരായത്. മുഹ്സീനയാണ് ആദ്യം സൗദിയിലെത്തിയത്. സമീറിനെ സൗദിയിൽ എത്തിക്കാൻ വിസയ്ക്കും മറ്റുമായി മുഹ്സീന വലിയ തുക ചെലവഴിച്ചിരുന്നു. നാട്ടിൽ കാർ വാങ്ങി നൽകാനും പണം ചെലവഴിച്ചത് മുഹ്സീനയാണ്. ഇതിനിടെ സമീർ നാട്ടിൽ വരുത്തിവെച്ച 16 ലക്ഷത്തോളം രൂപയുടെ കടബാധ്യത മുഹ്സീനയുടെ പിതാവിന് തീർക്കേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.
കുറച്ചുകാലം മുൻപ് സൗദിയിൽ നിന്ന് തിരികെ എത്തിയ സമീറിനെ ഒരു മാസം മുൻപാണ് മുഹ്സീന വീണ്ടും കൊണ്ടുപോയത്. ഇതിനും വലിയ തുക ചെലവായി. ഇതിനിടെ സമീറിന്റെ നാട്ടിലെ ചില ബന്ധങ്ങൾ മുഹ്സീന ചോദ്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത് ഇവർ തമ്മിൽ അകൽച്ചയ്ക്ക് ഇടയാക്കി. മകളെ ഭർത്താവ് മർദിക്കാറുണ്ടെന്ന് മുഹ്സിനയുടെ മാതാവ് പറയുന്നു.
No comments