Breaking News

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്: പ്രതി വിനീഷ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു


മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.

വിനീഷിനെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി കട കത്തിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഈ മാസം പതിനേഴിനാണ് ദൃശ്യ കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. രാവിലെ ഏഴരയോടെ ദൃശ്യയുടെ വീട്ടിൽ കയറിയ വിനീഷ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു.

രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്. വീടിന് അടുത്തുള്ള ഷെഡിൽ ഒളിച്ചിരുന്നു. ആരും കാണാതെ പിൻവാതിലിലൂടെ വീടിന് ഉള്ളിൽ കയറി. ആദ്യം അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യിൽ ഉണ്ടായിരുന്ന കത്തിക്ക് മൂർച്ച പോര എന്ന് കണ്ട് അടുക്കളയിൽ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകൾ നിലയിൽ ഉള്ള മുറിയിൽ കയറി ഒളിച്ചിരുന്നു.

പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയിൽ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുൻ വശത്തെ വാതിൽ വഴി അരമതിൽ ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്പിലൂടെ വയൽ വഴി ഓടി രക്ഷപ്പെട്ടു.



വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന ശേഷമാണ് വിനീഷ് അകത്തു കടന്നത്. ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടിൽ കയറി ദൃശ്യയുടെ മുറിയിൽ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. ബാലചന്ദ്രന്റെ കട തീവെച്ച് നശിപ്പിച്ചാണ് വിനീഷ് വീട്ടുകാരുടെ ശ്രദ്ധ തിരിച്ചത്.

മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. വള കച്ചവടമാണ് മാതാപിതാക്കളുടെ തൊഴിൽ. അച്ഛൻ വർഷങ്ങൾക്ക് മുൻപ് മറ്റൊരു വിവാഹം കഴിച്ച് മണ്ണാർക്കാടേക്ക് മാറി. ഏപ്രിലിൽ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.

No comments