സ്വന്തം നാടിൻ്റെ ചരിത്രം എഴുതി ബി.ആർ.സിയുടെ പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ ഒന്നാംസ്ഥാനവുമായി വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വിപഞ്ചിക സന്തോഷ്
വെള്ളരിക്കുണ്ട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, ചിറ്റാരിക്കൽ ബി.ആർ.സി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വെള്ളരിക്കുണ്ട് പാത്തിക്കരയിലെ
വിപഞ്ചിക സന്തോഷ്. വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയാണ് വിപഞ്ചിക. വെള്ളരിക്കുണ്ട് എന്ന പ്രദേശം രൂപപ്പെടുന്ന കാലഘട്ടം മുതലുള്ള ചരിത്രത്തിൽ ജന്മി കുടിയാൻ വ്യവസ്ഥയും, ഗോത്രവർഗ ജീവിതവും, പുനം കൃഷി അടക്കമുള്ള ഈ നാടിൻ്റെ കൃഷിരീതികളും, പിന്നീട് കുടിയേറ്റക്കാരുടെ വരവും നൂതന കൃഷി സംബ്രദായങ്ങളും തുടങ്ങി ഒരു നാടിൻ്റെ സമഗ്രമായ ചരിത്ര പശ്ചാത്തലം കൃത്യമായി വിവരിച്ച് എഴുതിയതിനാലാണ് വിപഞ്ചിക മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.
ഏറാൻചിറ്റ, മാവുള്ളാൽ, കരുവുളളടുക്കം, മങ്കയം എന്നിവ അതിരുകളായി വരുന്നതും, താലൂക്ക് ആസ്ഥാനവുമായ, വെള്ളരിക്കുണ്ടിന്റെയും, സമീപ പ്രദേശങ്ങളുടെയും ചരിത്രം മഹാശിലായുഗ സംസ്കാരത്തോളം പഴക്കമുള്ളതാണെന്ന്, ചരിത്ര പഠനത്തോടും, വായനയോടും അതീവ താൽപ്പര്യമുള്ള ഈ വിദ്യാർത്ഥിനി അഭിപ്രായപ്പെടുന്നു.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്തയിൽ നിന്നും വിപഞ്ചിക പുരസ്ക്കാരം ഏറ്റുവാങ്ങി
നാട്യാഞ്ജലി കലാക്ഷേത്രം ഡയറക്ടർ സന്തോഷിൻ്റെയും ജലജയുടെയും മകളാണ് വിപഞ്ചിക. സഹോദരൻ സാരംഗ്.
No comments