'വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല'; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്തം അഡ്മിനില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അഡ്മിനെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വിചാരണ നേരിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.കരൂര്‍ ലോയേഴ്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും അഭിഭാഷകനുമായ ആര്‍ രാജേന്ദ്രന്റെ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പട് രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അനുകൂല നടപടി സ്വീകരിച്ചത്. ഗ്രൂപ്പിലെ അംഗം കുറ്റകരമായ മെസ്സേജ് പങ്കുവെച്ചാല്‍ അത് അഡ്മിന്റെ തെറ്റാവില്ലെന്നും ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.
2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗ്രൂപ്പിലെ അംഗമായ പച്ചയ്യപ്പന്‍ എന്നയാള്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തിലുള്ള പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ മറ്റൊരു അംഗത്തിന്റെ പരാതിയിലായിരുന്നു നടപടി. തുടര്‍ന്ന് പോസ്റ്റ് പങ്കുവെച്ച പച്ചയപ്പനെതിരെയും അഡ്മിന്‍ രാജേന്ദ്രനുമെതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ലാത്തൊരു വ്യക്തിയെ അദ്ദേഹം ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നുള്ളതുകൊണ്ടു മാത്രം പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.അതേസമയം കേസിനാസ്പദമായ പോസ്റ്റ് അഡ്മിനും പങ്കുവെച്ചുവെന്ന് തെളിഞ്ഞാല്‍ അല്ലെങ്കില്‍ മെസ്സേജിന് പിന്തുണ നല്‍കിയെന്ന് വ്യക്തമായാല്‍ അഡ്മിനെതിരെ കേസുടുക്കാമെന്നും വിധി പുറപ്പെടുവിക്കവെ കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ചിന്റേതാണ് വിധി. സമാന സംഭവത്തില്‍ ഈ വര്‍ഷം ആദ്യം ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി വിധി.
No comments