Breaking News

നല്ല മത്സ്യം തെരഞ്ഞെടുക്കാം; ഇതാ അഞ്ച് വഴികൾ


കോഴിക്കോട്: സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കേടായ ആയിരക്കണക്കിന് കിലോ മത്സ്യമാണ് പിടികൂടിയത്. ഈ സാഹചര്യത്തില്‍ നമുക്ക് മുന്നിലെത്തുന്ന മത്സ്യം ശുദ്ധമാണോ പഴകിയതാണോ എന്ന സംശയം സ്വാഭാവികമാണ്. ആശങ്കകള്‍ ഒഴിവാക്കി എങ്ങനെ നല്ല മത്സ്യം തെരഞ്ഞെടുക്കാന്‍ ചില വഴികളുണ്ട്. അത്തരത്തിലുള്ള അഞ്ച് എളുപ്പമാര്‍ഗങ്ങള്‍ ഇവയാണ്. 

1. മത്സ്യങ്ങള്‍ക്ക് സ്വാഭാവികമായ തിളക്കമുണ്ടാവും. 

2. ദുര്‍ഗന്ധം ഉണ്ടാവില്ല.

3. ഫ്രഷ് മത്സ്യത്തിന്റെ മാംസത്തിന് ഉറപ്പുള്ളതായിരിക്കും. ചെറുതായി അമര്‍ത്തുമ്പോള്‍ തന്നെ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീഞ്ഞ മത്സ്യമാണ്. 

4.കലങ്ങിയ കണ്ണുകള്‍ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്. ഫ്രഷ് മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും. 

5. ഫ്രഷ് മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറം കാണാം. പഴകിയ മത്സ്യത്തിന് തവിട്ട് നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കള്‍ കാണപ്പെടും.

അതിനിടെ, സംസ്ഥാനത്ത് മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ ഇതുവരെ 3,667കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന വ്യാപകമായി ബുധനാഴ്ച 93 പരിശോധനകളാണ് നടത്തിയത്. പരിശോധനയുടെ ഭാഗമായി 13 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. ഇതുകൂടാതെ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി നാല് നോട്ടീസുകളും നല്‍കി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 36 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരും ദിവസങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ സര്‍പ്രൈസ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 


No comments