Breaking News

മലപ്പുറമൊരുങ്ങി, സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളത്തിന് ആദ്യ മത്സരം




മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് (Santosh Trophy) ഇന്ന് മലപ്പുറത്ത് തുടക്കം. പഞ്ചാബ് ഉദ്ഘാടന മത്സരത്തിൽ ബംഗാളിനെ നേരിടും. രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് മുന്നേറും. മെയ് രണ്ടിനാണ് ഫൈനൽ.

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ പോരാട്ടങ്ങൾക്ക് (Kerala vs Rajasthan) ഇന്ന് തുടക്കമാകും. രാജസ്ഥാനാണ് ആദ്യ എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. ഫുട്ബോളിന്‍റെ ഹൃദയഭൂമിയിൽ സന്തോഷം വീണ്ടെടുക്കാനാണ് കേരളം ഒരുങ്ങുന്നത്. ടൂര്‍ണമെന്‍റിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പരിചയസമ്പന്നർക്കൊപ്പം പതിമൂന്ന് പുതുമുഖങ്ങളെയാണ് കേരളം അണിനിരത്തുന്നത്. മുപ്പത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിന് എത്തുന്നതെങ്കിലും രാജസ്ഥാൻറെ കരുത്തിന് ഒട്ടും കുറവില്ല. കരുത്തരായ പഞ്ചാബ്, ബംഗാൾ, മേഘാലയ എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിന്‍റെ മറ്റ് എതിരാളികൾ.

കേരള ടീം: മിഥുന്‍ വി, എസ് ഹജ്മല്‍ (ഗോള്‍ കീപ്പര്‍മാര്‍). സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്, പി ടി മുഹമ്മദ് ബാസിത് (പ്രതിരോധം). അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്മാന്‍, എന്‍ എസ് ഷിഗില്‍, പി എന്‍ നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (മധ്യനിര). എം വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്നാസ് (മുന്നേറ്റം).

No comments