Breaking News

ആദിവാസി ഊരിലെ റോഡ് : അവഗണക്കെതിരെ കോടോംബേളൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു എത്രയും പെട്ടന്ന് പണി തുടങ്ങാൻ ചർച്ചയിൽ തീരുമാനം


അട്ടേങ്ങാനം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എണ്ണപ്പാറ -മലയാറ്റുകര ഊരിലെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് നിർമ്മാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ആദിവാസികൾ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തു തന്നെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി റോഡ് നടപ്പാത കോൺക്രീറ്റ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നിർമ്മാണം തുടങ്ങിയില്ല. തുടർന്ന് റീ ടെൻഡർ വയ്ക്കുകയും ആദ്യം ടെൻഡർ എടുത്ത അതേ വ്യക്തി തന്നെ ടെൻഡർ എടുക്കുകയും ചെയ്തു. ഊരിലേക്കുള്ള ഈ റോഡ് പൂർണ്ണമായും തകർന്ന്, കിടപ്പു രോഗികളേയടക്കം കസേരയിലിരുത്തി മെയിൽ റോഡിലെത്തിച്ച് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ സംജാതമായതിനാലാണ് സമരത്തിനിറങ്ങേണ്ടിവന്നതെന്ന് സമരക്കാർ പറയുന്നു.  2020 നവംബർ മുതൽ 3 തവണയാണ് ഈ റോഡിന്റെ രണ്ടു ഭാഗങ്ങളിലായി 300 മീറ്ററോളം കോൺക്രീറ്റ് ചെയ്യുന്നതിന് ടെൻഡർ വെച്ചത്. ടെൻടർ നടപടികൾ പൂർത്തിയാക്കിയ കോൺട്രാക്ടർ വർക്ക് എഗ്രിമെന്റ് വെക്കാതെ വർക്ക് ഒഴിവാകുകയാണ് ചെയ്യുന്നതെന്നും അതിനാലാണ് പ്രതിഷേധ സമരം നടത്തേണ്ടി വന്നതെന്നും ഊരു നിവാസികൾ   പറഞ്ഞു.


ഊരിനോടു കാണിക്കുന്ന അവഗണയുടെ ഭാഗമാണ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ വൈകുന്നത്. 

സമരത്തെ തുടർന്ന്  പ്രസിഡണ്ടിന്റെ ചേമ്പറിൽ അമ്പലത്തറ സബ് ഇൻസ്പെക്ടർ സുബാഷ് ബാബു, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ രാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജാ മനോജ്, വൈസ് പ്രസിഡണ്ട് പി. ദമോദരൻ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. എത്രയും പെട്ടന്ന് കരാറുകാരൻ മുഖേന മെറ്റീരിയൽ ഇറക്കി, ഊരിലെ വിദഗ്ദതൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി റോഡ് കോൺക്രീറ്റ് ചെയ്യാമെന്ന ഉറപ്പിൽമേൽ സമരം പിൻവലിക്കുകയായിരുന്നു.

    ഉപരോധ സമരം പി.എം നാരായണന്റെ അദ്ധ്യക്ഷതയിൽ  ഊരുമൂപ്പൻ രമേശൻ മലയാറ്റുകര ഉത്ഘാടനം ചെയ്തു . ഗോത്ര ജനത നേതാവ് കൃഷ്ണൻ പരപ്പച്ചാൽ, നാരായണൻ കണ്ണാടിപ്പാറ, സി.എം ബാലൻ, എം കുമാരൻ , സി.സതീശൻ , പ്രിയേഷ്  കുമാർ ,ജയൻ, രാജേഷ്, സുമ രാജൻ തുടങ്ങിയവര് സംസാരിച്ചു. എം.ഡി രാജൻ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു

No comments