Breaking News

കെപിസിസി മുൻ വൈസ് പ്രസിഡന്റ് സികെ ശ്രീധരൻ പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും ജില്ലയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവാണ് സികെ ശ്രീധരൻ




കാസർകോട്: മുതിർന്ന കോൺഗ്രസ് നേതാവായ സികെ ശ്രീധരൻ പാർട്ടി വിടുന്നു. കാസർകോട് ജില്ലയിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചുവെന്നും കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സികെ ശ്രീധരൻ പറഞ്ഞു. ഈ മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാവും സികെ ശ്രീധരനെ പാർട്ടിയിലേക്ക് സ്വീകരിക്കുക.

താൻ കോൺഗ്രസ് പാർട്ടി വിടാൻ തീരുമാനിച്ചിരിക്കുന്നതായി സികെ ശ്രീധരൻ വ്യക്തമാക്കി. നവംബർ 17ന് വാർത്താ സമ്മേളനം നടത്തി ഇക്കാര്യം വ്യക്തമാക്കും. രാജ്യത്ത് ഫാസിസത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കും. തന്നോടൊപ്പം പ്രവർത്തകരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു സികെ ശ്രീധരൻ. 1977 ന് ശേഷമാണ് ഇദ്ദേഹം കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്. 1991 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇകെ നായനാർക്കെതിരെ ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. അന്ന് വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയും ചെയ്തു. പ്രമുഖ അഭിഭാഷകരിലൊരാളായ അദ്ദേഹം കോൺഗ്രസിന് വേണ്ടി പല കേസുകളിലും വാദിച്ചിട്ടുണ്ട്.

No comments